കാട്ടാക്കട:കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ അനാവശ്യമായി തമ്പടിക്കുന്നവർക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവർക്കും ഇനി പിടിവീഴും. കഴിഞ്ഞദിവസം വാണിജ്യസമുച്ചയത്തിൽ നടന്ന കൂട്ടത്തല്ല് വിവാദമായതോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുന്നത്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും അടിക്കടിയുണ്ടാകുന്ന അടിപിടികൾക്കും തടയിടാനായി പ്രത്യേക സമിതി രൂപീകരിക്കും. ആദ്യഘട്ടമെന്നോണം കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വാണിജ്യ സമുച്ചയത്തിലെ വ്യാപാരികളും കെ.എസ്.ആർ.ടി.സി അധികൃതരും യോഗം ചേർന്നു. വാണിജ്യസമുച്ചയത്തിൽ പ്രധാന പടിക്കെട്ടിന് സമീപത്തായി ഇനിമുതൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കും. രണ്ടു പൊലീസുകാരാവും ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. വാണിജ്യസമുച്ചയത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്താനും പൊലീസിന് വാണിജ്യസമുച്ചയത്തിലെ വ്യാപാരികളുമായും ഡിപ്പോ അധികൃതരുമായും ആശയവിനിമയം നടത്തുന്നതിനും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

രണ്ടാംഘട്ടമായി പഞ്ചായത്ത് അധികൃതരെയും,കാട്ടാക്കട താലൂക്ക് പരിധിയിലെ സ്കൂൾ കോളേജ് അധികൃതരെയും രക്ഷ്ട്രീയ കക്ഷികളെയും വിവിധ സന്നദ്ധ സംഘടനകളെയും ഒക്കെ ഉൾപ്പെടുത്തിയുള്ള വിപുലമായ യോഗം ചേർന്ന് വാണിജ്യ സമുച്ചയത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ നിരന്തരമുള്ള അടിപിടിക്കും അനാവശ്യമായി വാണിജ്യസമുച്ചയത്തിൽ തങ്ങുന്നവരെ നിയന്ത്രിക്കുന്നതിനും ആവശ്യമായ ശാശ്വത പരിഹാരം കാണാനും നടപടി സ്വീകരിക്കും.15 ദിവസം കൂടുമ്പോൾ യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടില്ലാതെ വന്നു പോകുന്നതിനും സൗകര്യമൊരുക്കുമെന്നും കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാർ,എസ്.എച്ച്.ഒ ഗിരീഷ് എന്നിവർ അറിയിച്ചു.