തിരുവനന്തപുരം: ഓവർബ്രിഡ്ജിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യമുണ്ടാവുകയും മകൾക്കും സഹോദരിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വെൺപാലവട്ടത്തെ അവിശ്വസനീയമായ അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോവളം നെടുമം സ്വദേശിയായ യുവതിയും മകളും സഹോദരിയും ഓവർബ്രിഡ്ജിൽ നിന്ന് തെറിച്ച് 23 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്ക് വീണത്. അപകടത്തിൽ കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് (34) മരിച്ചത്. മകൾ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു.
മൂന്നുപേരും തന്റെ സ്ഥാപനത്തിന് മുന്നിലേക്കാണ് വീണതെന്ന് സീറോ സി ട്രാവൽ സോൺ ഉടമ സുൽക്കർ പറഞ്ഞു. ഓവർബ്രിഡ്ജിന് മുകളിൽ ബാരിക്കേഡിൽ സ്കൂട്ടർ ഇടിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ മുകളിൽ നിന്ന് മൂന്നുപേർ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്കൂട്ടർ ഓടിച്ചിരുന്ന സിനി സർവീസ് റോഡിനോടു ചേർന്നുള്ള ഓടയിലേക്കും സിമി റോഡിലേക്കുമാണ് വീണത്. വീഴ്ചയിൽ സിമിയുടെ തലയിലുണ്ടായിരുന്ന ഹെൽമറ്റ് തെറിച്ചുപോയിരുന്നു. റോഡിൽ തലയിടിച്ചാണ് സിമി വീണത്. മകൾ ശിവന്യ അമ്മയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
സർവീസ് റോഡിൽ ഈ സമയത്ത് വലിയ ഗതാഗതത്തിരക്കുണ്ടായിരുന്നില്ല. അപകടമുണ്ടായപ്പോൾ ഒരു സ്കൂട്ടർ മാത്രമാണ് ഇതുവഴിയെത്തിയത്. ഇതിന്റെ മുന്നിലേക്കാണ് മൂന്നുപേരും വന്നുവീണത്. ഇത് സ്ഥാപനത്തിന്റെ സി.സി ടിവി ദൃശ്യത്തിൽ വ്യക്തമാണെന്നും സുൽക്കർ പറഞ്ഞു.
കഴക്കൂട്ടം - കോവളം ബൈപ്പാസിൽ ലുലുമാളിൽ നിന്ന് അര കി.മി ദൂരെയുള്ള വെൺപാലവട്ടം ഓവർബ്രിഡ്ജിലേക്ക് വളരെ വേഗതയിലാണ് സ്കൂട്ടർ എത്തിയതെന്ന് പൊലീസ് പറഞ്ഞു.ഓവർബ്രിഡ്ജിൽ നിന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ പാർശ്വഭിത്തിയിലിടിക്കുകയും മൂന്നുപേരും തെറിച്ച് സർവീസ് റോഡിലേക്ക് വീഴുകയുമായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വളവുകളില്ലാത്തതിനാൽ വാഹനങ്ങൾ ലുലുമാളിൽ നിന്ന് ചാക്ക വരെയുള്ള ഭാഗത്ത് മിക്കപ്പോഴും വളരെ വേഗതയിലാണ് സഞ്ചരിക്കുന്നത്.ഈ ഭാഗത്ത് കാറ്റ് കൂടുതലുള്ളതും അപകടത്തിന് കാരണമായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
സിമിക്ക് സ്കൂട്ടർ ഓടിക്കാൻ അറിയാത്തതിനാൽ സിനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സിമി പിന്നിലും മകൾ ശിവന്യ ഇടയിലുമായിരുന്നു ഇരുന്നത്. സ്കൂട്ടർ ഓവർബ്രിഡ്ജിലെ പാർശ്വഭിത്തിയിൽ ഇടിച്ചതോടെ മൂന്നുപേരും തെറിച്ച് താഴെ സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടർ ഓവർബ്രിഡ്ജിന് മുകളിൽ തന്നെയാണുണ്ടായിരുന്നത്.
കൊല്ലം മയ്യനാട്ടുള്ള ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിന് പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിമിയുടെ ഭർത്താവ് നാലാഞ്ചിറ കീർത്തിനഗർ 169 ഊളൻവിള വീട്ടിൽ ശിവപ്രസാദ് പറഞ്ഞു. സിമിയെയും മകളെയും ചാക്കയിലിറക്കിയ ശേഷം കോവളം നെടുമത്തുള്ള വീട്ടിലേക്ക് പോകാനായിരുന്നു സഹോദരി സിനിയുടെ തീരുമാനം. ശിവപ്രസാദിന്റെ സഹോദരിയുടെ ശംഖുംമുഖത്തുള്ള വസതിയിൽ പോയശേഷം സിമി നാലാഞ്ചിറയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ശിവപ്രസാദ് പറഞ്ഞു.