കുഴിത്തുറ: ദീപുവിന്റെ കൊലപാതകത്തെക്കുറിച്ച് കേരള പൊലീസിലെ ഒരു എസ്.ഐക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി തമിഴ്നാട് പൊലീസ്. സുനിൽകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്പിളി കൊല നടത്താൻ പോകുന്നുവെന്ന് പറഞ്ഞതോടെ നെയ്യാറ്റിൻകരയ്ക്കും അമരവിളയ്ക്കും ഇടയിൽ സുനിൽ വാഹനം നിറുത്തി. മൂത്രമൊഴിക്കാനാണെന്നു പറഞ്ഞ് പുറത്തിറങ്ങി പരിചയക്കാരനായ എസ്.ഐയെ കാര്യമറിയിച്ചു. ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ എസ്.ഐ നിർദ്ദേശിച്ചു. തന്റെ ജീവൻ അപകടത്തിലാകുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാതിരുന്നതെന്നാണ് സുനിലിന്റെ മൊഴി. അമ്പിളിയെ കളിയിക്കാവിളയിൽ ഇറക്കിയ ശേഷം സ്റ്റേഷനിൽ വിവരമറിയിക്കാത്തതെന്തെന്ന ചോദ്യത്തിന് അമിത മദ്യലഹരിയിലായിരുന്നുവെന്നായിരുന്നു മറുപടി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കേരള പൊലീസുമായി ഉടൻ ബന്ധപ്പെട്ട് വ്യക്തത വരുത്തും.

ക്ലോറോഫോം ദീപുവിന്റേത്,

വാഹനത്തിൽ അഞ്ചുലക്ഷം മാത്രം

23നാണ് ദീപു തന്നെ കൊല്ലാൻ വേണ്ടി മൂന്നുലക്ഷം രൂപ അഡ്വാൻസ് നൽകിയതെന്ന് അമ്പിളി മൊഴി നൽകി. താൻ വേറെ നമ്പരിൽ നിന്ന് വിളിക്കാമെന്നും ഇങ്ങോട്ട് വിളിക്കരുതെന്നും അമ്പിളിയോട് പറഞ്ഞു. ജയിലിലെത്തിയാണ് പൊലീസ് റിമാൻഡിലുള്ള അമ്പിളിയുടെ മൊഴിയിൽ വ്യക്തത വരുത്തിയത്. അമ്പിളി കാറിൽ കയറിയപ്പോൾ ദീപു കൈവശം കരുതിയിരുന്ന ക്ലോറോഫോം മണപ്പിച്ചു. അതിനുശേഷമാണ് അമ്പിളി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം അമ്പിളി സുനിൽകുമാറിന്റെ കാർ തിരക്കിനടന്നു. ഒടുവിൽ സമീപത്തെ മെഡിക്കൽ ഷോപ്പിലെത്തി ജീവനക്കാരോട് ഭാര്യയെ വിളിക്കാനെന്നു പറഞ്ഞ് മൊബൈൽ വാങ്ങി സുനിൽ കുമാറിനെ വിളിച്ചു. ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. തുടർന്ന് ഫോണിൽ നിന്ന് സുനിൽകുമാറിന്റെ നമ്പർ ഡിലീറ്റ് ചെയ്ത ശേഷം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കളിയിക്കാവിളയിലെത്തി. അവിടെനിന്ന് ഓട്ടോയിൽ വീടിന് സമീപത്തേക്കും. ഓട്ടോ കൂലിയായി 1,200 രൂപയും നൽകി. കാറിൽ നിന്നെടുത്ത ദീപുവിന്റെ ഫോൺ തല്ലിത്തകർത്ത് വീടിനു സമീപമുള്ള ആറ്റിൽ കളഞ്ഞു. ശേഷം 5 ലക്ഷം രൂപയുൾപ്പെടെയുണ്ടായിരുന്ന ബാഗ് ഭാര്യയെ ഏല്പിച്ചു. ബാഗിൽ 5 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്നും അമ്പിളി പൊലീസിനോട് പറഞ്ഞു.


ഗുണ്ടകളുമായി ബന്ധം സ്ഥാപിക്കൽ ഹരം

സുനിൽകുമാറിന് ഗുണ്ടകൾക്കൊപ്പം നടക്കാനാണ് ഇഷ്ടം. അതിനായി ഇക്കൂട്ടരുമായി വേഗത്തിൽ സൗഹൃദത്തിലാകും. ചേട്ടൻ വഴിയാണ് അമ്പിളിയെ ഒന്നരവർഷം മുമ്പ് പരിചയപ്പെട്ടതെന്നും സുനിൽ മൊഴി നൽകിയിട്ടുണ്ട്. സുനിലിന്റെ ഫോണിൽ നിന്ന് പല ഗുണ്ടകളുടെയും ഫോൺ നമ്പർ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.