photo

നെയ്യാറ്റിൻകര: വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നില്ലെന്ന പരാതി ശക്തം. രണ്ട് വർഷമായി നെയ്യാറ്റിൻകര വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് പഴയ താലൂക്ക് ഓഫീസിന്റെയും പുതിയ താലൂക്ക് ഓഫീസിന്റെയും പുറകിലായി ഒരു ചെറിയ മുറിയിലാണ്. ഏഴ് ജീവനക്കാരാണ് ഇവിടെ ജോലി നോക്കുന്നത്. മഴക്കാലമായാൽ ഇഴജന്തുക്കളുടെ താവളമായി ഇവിടം മാറുന്നു. ഇടുങ്ങിയ വഴിയിലൂടെ വേണം ഇവിടേക്ക് നടന്നെത്താൻ. ദിനംപ്രതി നൂറ് കണക്കിനാളുകളാണ് സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിച്ചേരുന്നത്. വാഹനങ്ങൾക്ക് ചെന്നെത്താൻ സാധിക്കാത്തതിനാൽ പ്രായമായവരും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പുതിയ വില്ലേജ് ഓഫീസ് എത്രയും വേഗം തുറന്ന് പ്രവർത്തനമാരംഭിക്കണമെന്ന് നെയ്യാറ്റിൻകര നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ആവശ്യപ്പെട്ടു.