ആറ്റിങ്ങൽ: കളിമണ്ണിലെ കരവിരുതിന് പേരുകേട്ട വേളാർക്കുടികൾ ഇന്ന് നിർമ്മാണം ഇല്ലാതെ നിശ്ചലം. ആറ്റിങ്ങൽ ടൗണിന് സമീപം വേളാർക്കുടി മുതൽ കൊടുമൺ വരെ കളിമൺപാത്ര നിർമ്മാണംകൊണ്ട് ജീവിതം നയിച്ച നൂറിലധികം കുടുംബങ്ങൾ ഉണ്ടായിരുന്നു. കളിമൺപാത്ര നിർമ്മാണത്തിന്റെ പ്രധാന യന്ത്രമായ തിരുവാൽ ചക്രം മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇതിൽ നിന്നും നിർമ്മിക്കുന്ന കുടങ്ങളും കലങ്ങളും ചട്ടികളും മറ്റ് മൺപാത്രങ്ങളും വെയിലത്ത് ഉണക്കി ചൂളയിൽ ചുട്ടെടുത്ത ശേഷമാണ് വിപണിയിൽ എത്തിക്കുന്നത്. നിർമ്മാണത്തിൽ പാകപ്പിഴയുണ്ടായാൽ നിർമ്മിച്ച സാധനങ്ങൾ പൊട്ടിപ്പോകും. മൺപാത്രങ്ങളിലെ ചെറിയ വിള്ളലുകൾ പോലും ഉപഭോക്താക്കൾ സ്വീകരിക്കില്ല. പാത്രനിർമ്മാണത്തിന് ആവശ്യമായ കളിമണ്ണ് കിട്ടാതായതോടെ പല കുടുംബങ്ങളും പട്ടിണിയിലേക്ക് കൂപ്പുകുത്തി. ഇന്ന് വേളാർക്കുടിയിൽ തിരുവാൽ ചക്രം ചലിക്കാറില്ല, പാത്രനിർമ്മാണവും ഇല്ല.
ആശ്രയം തമിഴ്നാട്
അലൂമിനിയം പാത്രങ്ങളുടെയും മറ്റും ഉപയോഗം കടന്നുവന്നതോടെ മൺപാത്രങ്ങളുടെ വിപണി കുറഞ്ഞു. നിർമ്മിച്ച വസ്തുക്കൾ ആരും വാങ്ങാൻ വരാതായതോടെ എല്ലാവരും മൺപാത്രനിർമ്മാണം നിറുത്തി. എന്നാൽ ചിലർ തങ്ങളുടെ കുലത്തൊഴിലിനോടുള്ള സ്നേഹംകൊണ്ട് മണ്ണ്പാത്ര വ്യാപരം നടത്തുന്നുണ്ട്. തമഴ്നാട്ടിൽ നിന്നാണിപ്പോൾ മൺപാത്രങ്ങൾ ഏറിയപങ്കും എത്തുന്നത്.
ഉപയോക്താക്കൾ തിരിച്ചുവരുന്നു
ജീവിത സാഹചര്യങ്ങൾ കൊണ്ട് മറ്റ് പാത്രങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയ മലയാളികൾ ജീവിതശൈലി രോഗങ്ങളുടെ കടന്നുകയറ്റം വ്യാപകമായതോടെ മൺപാത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോദ്ധ്യം വന്നു. ഇതോടെ മലയാളികളിൽ ഭൂരിഭാഗവും വീണ്ടും മൺപാത്രങ്ങളിലേക്ക് തിരിച്ചുവരാൻ തുടങ്ങി.
പേരും നഷ്ടം
ഒരുകാലത്ത് കായിക്കുടുക്ക മുതൽ വലിയ മൺകലങ്ങൾ വരെ വിപണിയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എല്ലാം കാണാമറയത്തു തന്നെ. കുലത്തൊഴിൽ കൊണ്ട് ഉയർച്ച വരില്ലെന്നു കണ്ട് പുതിയ തലമുറ ഈ രംഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. തൊഴിൽ കൊണ്ട് നേടിയ വേളാർക്കുടിയെന്ന പേര് പോലും ഇന്നില്ല. നിലവിൽ ഇവിടം എ.സി.എ.സി നഗർ എന്ന് പുനർനാമകരണം വരെചെയ്തു.