തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഹാർബറിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും നടപടിയെടുത്തതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എം.എൽ.എ ഫണ്ടുപയോഗിച്ച് മുതലപ്പൊഴിയിലേക്ക് സ്ഥിരമായി ആധുനിക സൗകര്യമുള്ള ആംബുലൻസ് വാങ്ങിക്കുന്നതിനും ധാരണയായി. ഇവിടത്തെ പ്രശ്നത്തിന് ഒന്നരവർഷത്തിനകം പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കും. സമുദ്രത്തിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നതും നഷ്ടപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ മത്സ്യബന്ധന വലകൾ പോലുള്ളവയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽ ജീവികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഫിഷറീസ് വകുപ്പ് പഠനം നടത്തിയിട്ടില്ല. ഐ.സി.എ.ആർ, സി.എം.എഫ്.ആർ.ഐ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യസമ്പത്തിന്റെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്. മത്സ്യദൗർലഭ്യം മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.