hk

വെഞ്ഞാറമൂട്: പ്രകൃതി സൗന്ദര്യം കിനിയുന്ന വെള്ളാണിക്കൽപ്പാറയിൽ സാമൂഹ്യവിരുദ്ധ ശല്യത്തിന് അറുതിയാകുന്നു. വെള്ളാണിക്കൽപ്പാറയുടെ സംരക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. ആദ്യ ഘട്ടമായി മാണിക്കൽ ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ റോഡിൽ നിന്നും പാറയിലേക്ക് കയറുന്ന വഴിയിലാണ് ക്യാമറകൾ സ്ഥാപിച്ചത്.

പാറമുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. അടുത്ത മാസത്തോടെ പാറയുടെ മാണിക്കൽ ഗ്രാമ പഞ്ചായത്തിന്റെ പരിധി വരുന്ന മുഴുവൻ ഭാഗവും ഉൾപ്പെടുത്തി ക്യാമറ സ്ഥാപിക്കും. അതിർത്തി പങ്കിടുന്ന പോത്തൻകോട് പഞ്ചായത്തിന്റെ ഭാഗത്തും ആഗസ്റ്റ് മാസത്തോടെ 21ക്യാമറകൾ സ്ഥാപിച്ചുതുടങ്ങും. ഇതിനായി പത്ത് ലക്ഷം രൂപ പഞ്ചായത്ത് അനുവദിക്കുകയും പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതോടെ പാറമുകളിന്റെ മുഴുവൻ ഭാഗത്തും ക്യാമറകൾ സ്ഥാപിക്കുമെന്നും സഞ്ചരികൾക്ക് മികച്ച സുരക്ഷ ഒരുക്കാൻ കഴിയുമെന്നും മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അറിയിച്ചു.

ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ് ക്യാമറകൾ. ഇതിന്റെ ദൃശ്യങ്ങൾ മാണിക്കൽ ഗ്രാമ പഞ്ചായത്തിലും ഇതിന്റെ ചാർജുള്ള ഉദ്യോഗസ്ഥന്റെ മൊബൈലിലും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലും ലൈവായി ലഭിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.

സമൂഹ്യവിരുദ്ധശല്യം രൂക്ഷം: വെള്ളാണിക്കൽ പാറ മുകളിലെ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾ സാമൂഹ്യവിരുദ്ധശല്യത്തിൽ പൊറുതിമുട്ടിയാണ് ഇവിടെ നിന്നു മടങ്ങുന്നത്. മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച എൽ.ഇ.ഡി വിളക്കുകൾ കഴിഞ്ഞ അഞ്ചു മാസങ്ങൾക്ക് മുൻപ് അടിച്ചു തകർത്തിരുന്നു. സന്ധ്യ കഴിഞ്ഞാൽ പ്രദേശം സാമൂഹ്യ വിരുദ്ധരും ലഹരി സംഘങ്ങളും തമ്പടിക്കുകയും സഞ്ചാരികൾക്ക് ശല്യമുണ്ടാക്കുകയും ചെയ്യും.

സൗന്ദര്യം കിനിഞ്ഞ് മിനി പൊന്മുടി

പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ പ്രകൃതി സൗന്ദര്യം ഏറെയുള്ള പാറയാണ് മിനി പൊന്മുടി എന്നറിയപ്പെടുന്ന വെള്ളാണിക്കൽ പാറമുകൾ. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ തെക്കുപടിഞ്ഞാറു ഭാഗത്ത് നഗരത്തിന്റെ കാഴ്ചകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൊന്മുടിയും അഗസ്ത്യാർകൂടവും ഇവിടെ നിന്നാൽ ഭംഗിയായി കാണാം. ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന അപൂർവം ക്ഷേത്രങ്ങളിൽ പെട്ട വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും ഇവിടെയാണ്. ‘പുലിച്ചാണി’ എന്നറിയപ്പെടുന്ന ഒരു ഗുഹയും ഈ പാറയുടെ അടിവാരത്തുണ്ട്.

അടിസ്ഥാന സൗകര്യങ്ങളില്ല

2015ലാണ് ഇവിടെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. എന്നാലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ടൂറിസം വകുപ്പിനോ പഞ്ചായത്തുകൾക്കോ കഴിഞ്ഞിട്ടില്ല. ഇവിടെ സുരക്ഷാജീവനക്കാരും ഇല്ല. ഇവിടെയെത്തുന്ന സ്ത്രീകൾക്കുൾപ്പെടെ ടോയ്‌ലെറ്റ് സൗകര്യം ഇല്ല.