പാറശാല: തീരം വറുതിയിലായതോടെ പൊഴിയൂരിൽ തെക്കേകൊല്ലങ്കോട്, പരുത്തിയൂർ മേഖലകളിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മാസങ്ങളായി ദുരിതത്തിലാണ്. തീരശോഷണം കാരണം പട്ടിണിയിലായിരുന്ന കുടുംബങ്ങൾക്ക് ഓർക്കാപ്പുറത്തുണ്ടായ കാലവർഷക്കെടുതികളും മറ്റൊരു ഇടിത്തീയായി. വള്ളങ്ങൾ കടലിലേക്ക് ഇറക്കാൻ കഴിയാത്തത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയാണ് കാര്യമായി ബാധിച്ചത്. മത്സ്യബന്ധനത്തിന് പോകാൻ കഴിയില്ലെന്നു മാത്രമല്ല മറ്റൊരു ജോലി അറിയാത്തതിനാലും യാതൊരു വരുമാനവുമില്ലാതെ അലയുകയാണിവർ. തീരശോഷണത്തിനു തന്നെ പരിഹാരം കാണാനാവാതെ തുടരവേയാണ് അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭങ്ങളും കാലവർഷക്കെടുതികളും ഒന്നിനുമീതെ ഒന്നായി മത്സ്യത്തൊഴിലാളികൾക്ക് വിനയായി മാറുന്നത്. തീരങ്ങൾ നഷ്ടമായതോടെ നിരവധി മത്സ്യത്തൊഴിലാളികളുടെ വീടുകളും പ്രദേശത്തെ റോഡുകളും കടലെടുത്തു. തീരങ്ങളിൽ മത്സ്യബന്ധനം നിലച്ചതോടെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലുകളും ഇല്ലാതായി. അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് പുറമെ അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്.
വായ്പയും ഭീഷണിയും
കടൽക്ഷോഭത്താൽ വീടുകൾക്ക് പുറമെ വള്ളങ്ങളും നശിച്ചതിനാൽ അത് പരിഹരിക്കുന്നതിനും മറ്റുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ ബാങ്കുകാരുടെ ഭീഷണികൾ നേരിടുന്നതായും പരാതിയുണ്ട്. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നാമമാത്രമായെങ്കിലും ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം രാഷ്ട്രീയ സ്വാധീനമുള്ളവർ വ്യാജരേഖകൾ തയ്യാറാക്കി സ്വന്തമാക്കുന്നു. അതിനാൽ യഥാർത്ഥ മത്സ്യത്തൊഴിലാളികളിൽ മിക്കവർക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.
അടിയന്തര നടപടികൾ സ്വീകരിക്കണം
തീരശോഷണത്താൽ മാസങ്ങളായി വള്ളങ്ങൾ കടലിലേക്ക് ഇറക്കാനാവാതെ കരയിൽ തന്നെ നിരത്തിയിട്ടിരിക്കുന്നത് മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ നാശത്തിനും കാരണമായിട്ടുണ്ട്. കേരളത്തിന്റെ തെക്കേയറ്റത്തെ തീരദേശമായ പൊഴിയൂരിൽ തിങ്ങിപ്പാർക്കുന്ന അയ്യായിരത്തിൽപ്പരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്നുണ്ട്. കടൽത്തീരങ്ങൾ ഇല്ലാതാവുന്നതോടെ ഇവിടുത്തെ മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും ഇല്ലാതാവും. ഇത് പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം തന്നെ ബുദ്ധിമുട്ടിലാക്കും. സർക്കാരും അധികാരികളും ഈ വിഷയത്തെ കാര്യമായെടുത്ത് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.