തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ സർവീസ് റോ‌ഡുകളിൽ ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന സ്പോട്ടുകൾ നിരവധിയാണ്. വാഴമുട്ടം മുതൽ കോവളം വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളിൽ ഇരുവശങ്ങളിലുമായി അഞ്ച് ചെങ്കുത്തായ കയറ്രിറക്കങ്ങളാണ് സർവീസ് റോഡുകളിലുള്ളത്. വാഴമുട്ടത്തിനും തുപ്പനത്തുകാവിനുമിടയിൽ രണ്ടുവശത്തും വെള്ളാർ ജംഗ്ഷന് തൊട്ടുമുമ്പ് ഇരുവശത്തും കോവളം ജംഗ്ഷനെത്തും മുൻപ് ഇടതുവശത്തുമാണ് പേടിപ്പെടുത്തുന്ന രീതിയിൽ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്.

പ്രധാന പാതയിൽ നിന്ന് ശരാശരി 15 മീറ്റർ ഉയരത്തിലാണ് ഇവിടങ്ങളിൽ സർവീസ് റോഡുകൾ കടന്നുപോകുന്നത്.

കോവളം ജംഗ്ഷൻ കഴിഞ്ഞാൽ ആഴാകുളം പോറോട് റോ‌ഡിലേയും കല്ലുവെട്ടാൻകുഴി, മുക്കോല ഭാഗങ്ങളിലേയും സർവീസ് റോഡുകളിലേയും ഉയരം ഇതിനേക്കാൾ കൂടുതലാണ്. സർവീസ് റോ‌ഡ് വഴി ‌വാഹനം ഓടിക്കണമെങ്കിൽ അസാമാന്യ കഴിവ് വേണം.

വെള്ളാറിലെ സർവീസ് റോ‌ഡിൽ 200 മീറ്ററോളം കുത്തനെയുള്ള ഇറക്കമാണ്. മറ്റ് ഗ്രാമീണ റോ‌ഡുകളെല്ലാം വന്നിറങ്ങുന്നതും സർവീസ് റോഡ‌ുകളിലാണ്.കഷ്ടിച്ച് രണ്ടടി ഉയരത്തിലുള്ള ഇരുമ്പ് മറയാണ് സംരക്ഷണഭിത്തിയായിട്ടുള്ളത്. കയറ്റിറക്ക ഭാഗങ്ങളിൽ റോഡിന് വീതിക്കുറവുള്ളതും അപകട സാദ്ധ്യത ഇരട്ടിപ്പിക്കുന്നു.

ഇത്രമേൽ ഉയരത്തിൽ സർവീസ് റോഡ് നിർമ്മിച്ചപ്പോഴൊക്കെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അപകടസാദ്ധ്യത ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ കിടപ്പിന് അനുസൃതമായ രീതിയിൽ മാത്രമേ സർവീസ് റോഡുകൾ നിർമ്മിക്കാനാകൂവെന്നായിരുന്നു ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നത്.

സർവീസ് റോഡ് വഴി പോകാൻ പറഞ്ഞു;

പറ്റില്ലെന്ന് കട്ടായം പറഞ്ഞ് കെ.എസ്.ആർ.ടി.സി

ബൈപ്പാസ് നിർമ്മാണം പൂർത്തിയായ ഘട്ടത്തിൽ സർവീസ് റോഡ് വഴി വേണം ട്രാൻസ്പോർട്ട് ബസ് സർവീസ് എന്നായിരുന്നു നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയുടെ നിർദേശം. എന്നാൽ സർവീസ് റോഡിന്റെ കിടപ്പ് കണ്ട കെ.എസ്.ആർ.ടി.സി അധികൃതർ കൈയോടെ അതു നിരസിച്ചു.ബസ് ഷെൽട്ടർ ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത് സർവീസ് റോഡുകളിലാണ്. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം തീരുമാനം ശരിയായിരുന്നു. കാലാവധി കഴിഞ്ഞ ബസുകളുമായി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സർവീസ് റോഡിലേക്ക് വണ്ടി അയച്ചാൽ ആദ്യ കയറ്റം കയറുമ്പോൾ തന്നെ പണി പാളുമായിരുന്നു.