തിരുവനന്തപുരം: കണിയാപുരം നന്മ കരിച്ചാറയുടെ ഈ വർഷത്തെ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്‌ക്കുള്ള ഗൗരി ലങ്കേഷ്‌ പുരസ്‌കാരത്തിന് 'മാദ്ധ്യമ"ത്തിലെ ചീഫ്‌ സബ്‌ എഡിറ്റർ അഷ്‌റഫ്‌ വട്ടപ്പാറ അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ദൃശ്യമാദ്ധ്യമ രംഗത്തെ മികച്ച റിപ്പോർട്ടറിനുള്ള പുരസ്‌കാരം മീഡിയ വൺ തിരുവനന്തപുരം ബ്യൂറോയിലെ ബ്രോഡ്‌കാസ്‌റ്റ്‌ ജേർണലിസ്‌റ്റ്‌ സ്വാന്ദന സാജുവിനാണ്.

ശനിയാഴ്ച കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷച്ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്‌ നടക്കുന്ന നന്മ കരിച്ചാറ വാർഷികവും വിദ്യാഭ്യാസ അവാർഡ്‌ വിതരണവും മുൻ എം.പി കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. നന്മ അഡ്വൈസറി ബോർഡ്‌ ചെയർമാൻ അഡ്വ. എം.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗൽ സർവീസ്‌ അതോറിട്ടി സെക്രട്ടറിയും സബ്‌ ജഡ്‌ജുമായ ഷംനാദ്‌ മുഖ്യാതിഥിയാവും. ഈ വർഷം മുതൽ ഭിന്നശേഷിക്കാരായ പത്ത്‌ കുട്ടികളുടെ ചികിത്സാച്ചെലവും പഠനച്ചെലവും ഏറ്റെടുക്കാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിക്കാൻ മിടുക്കരായ പത്താം ക്ളാസുകാരുടെ പഠനം ഏറ്റെടുക്കാനും ആലോചിക്കുന്നതായി ഭാരവാഹികളായ അഡ്വ. സിറാജുദ്ദീൻ, എ.കെ.ഷാജി, എം.റസീഫ്‌, അഹമ്മദ്‌ അഷ്‌റഫ്‌, കരിച്ചാറ നാദിർഷ എന്നിവർ അറിയിച്ചു.