തിരുവനന്തപുരം/കോവളം: ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ മരിച്ച സിമിക്ക് ജന്മനാടും ഭർതൃഗൃഹവും കണ്ണീരോടെ യാത്രാമൊഴി നൽകി. ജന്മനാടായ കോവളം നെടുമത്തെ കുടുംബവീട്ടിലും വായനശാലയിലും പൊതുദർശനത്തിനുവച്ച മൃതദേഹം ഇന്നലെ വൈകിട്ട് 4.30ഓടെ ഭർതൃഗൃഹമായ നാലാഞ്ചിറ കീർത്തിനഗർ അമ്പനാട് ഊളൻവിള വീട്ടിലെത്തിച്ച് സംസ്കരിച്ചു. മകൻ ശരണും ഭർത്താവ് ശിവപ്രസാദും അന്തിമകർമ്മങ്ങൾ ചെയ്തു. വീടിനോടു ചേർന്നാണ് ചിതയൊരുക്കിയത്. നാലാഞ്ചിറയിലെയും കോവളത്തെയും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകൾ സംസ്കാരത്തിൽ പങ്കെടുത്തു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബ വീടായ കോവളം നെടുമം വയലിൻകര വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.വീട്ടിലും വായനശാലയിലുമായി അരമണിക്കൂറോളം പൊതുദർശനത്തിനു വച്ചു. തുടർന്ന് 2.50ഓടെ മൃതദേഹം നാലാഞ്ചിറയിലേക്ക് കൊണ്ടുപോയി.
ദേവസ്വം ബോർഡ് മുൻ മെമ്പർ പാറവിള വിജയകുമാർ,നഗരസഭ കൗൺസിലർമാരായ പനത്തുറ പി.ബൈജു,സത്യവതി,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്,നെടുമം അശോകൻ,വെള്ളാർ സന്തോഷ്,നെടുമം ഉദയകുമാർ,കണ്ണൻകോട് വി.സുരേഷ് കുമാർ,എസ്.എൻ.ഡി.പി യോഗം കണ്ണൻകോട് ശാഖാ പ്രസിഡന്റ് മോളിസ് ധർമ്മരാജൻ,സെക്രട്ടറി എന്നിവർ അന്തിമോപചാരമർപ്പിച്ചു. സിമിയുടെ കുടുംബവീട്ടിൽ അനുജത്തി സിനിയും രണ്ട് ആൺമക്കളുമാണ് താമസിക്കുന്നത്. സിനി ആശുപത്രിയിലായതോടെ മക്കളെ കോട്ടുകാൽ പയറ്റുവിളയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
അമ്മയുടെ വിയോഗമറിയാതെ കുരുന്ന്
അമ്മ പോയതറിയാതെ കിംസ് ആശുപത്രിയിലെ പ്രത്യേക നിരീഷണ മുറിയിൽ ചികിത്സയിൽ കഴിയുകയാണ് സിമിയുടെ മകൾ ശിവന്യ(3). ഇടവിടാതെ അമ്മയെ അന്വേഷിക്കുന്നതായി ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. ശിവന്യയുടെ ഇടതുകാലിന് ചെറിയ പരിക്കുണ്ട്.വീഴ്ചയിൽ ആന്തരികമായി പരിക്കേറ്റിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സിനിയുടെ വാരിയെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുള്ളതായി ഡോക്ടർമാർ അറിയിച്ചു. ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ സിനിയുടെ ഭർത്താവ് രാജീവ് ഇന്നലെ ഭാര്യയെയും ശിവന്യയെയും കണ്ടു.
സിനിക്കെതിരേ കേസെടുത്തു
സ്കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗതയിലും വാഹനമോടിച്ചതിനാണ് കേസ്. സഹോദരിമാരും കുട്ടിയും തിരുവനന്തപുരം നെടുമത്തു നിന്ന് കൊല്ലത്തേക്കും തിരിച്ചും ഇരുചക്ര വാഹനത്തിലാണ് സഞ്ചരിച്ചത്. മഴയ്ക്ക് മുമ്പ് വീട്ടിലെത്തുന്നതിനുവേണ്ടി അമിത വേഗതയിലായിരുന്നു വണ്ടിയോടിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ദൂരയാത്ര ചെയ്തതുമൂലം ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോവുകയും ചെയ്തതായി സിനി മൊഴി നൽകിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസെടുത്തതെന്ന് പേട്ട പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.