തിരുവനന്തപുരം: സർക്കാർ ,എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഈ അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. മൂന്ന് ലക്ഷം യൂണിഫോമിന്റെ തുണിയാണ് നൽകാനുള്ളത്. കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാൻ ആദ്യ പിണറായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്.
നടപ്പ് അദ്ധ്യയന വർഷം 39.75 ലക്ഷം യൂണിഫോമിനുള്ള തുണിയാണ് നൽകേണ്ടിയിരുന്നത്. 36 ലക്ഷം കൊടുത്തു. ഗവൺമെന്റ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴുവരെയും എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ നാലുവരെയുമുള്ള കുട്ടികൾക്കാണ് സൗജന്യ യൂണിഫോം. സംസ്ഥാനത്ത് 47 വ്യത്യസ്ത നിറങ്ങളിലുള്ള യൂണിഫോമാണ് വേണ്ടത്. ഇക്കൊല്ലം 99 കോടിയാണ് യൂണിഫോമിനായി ഹാൻടെക്സിനും ഹാൻവീവിനും വിദ്യാഭ്യാസ വകുപ്പ് നൽകേണ്ടത്. 88 കോടി നൽകി കഴിഞ്ഞു.
പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന തുണിയാണ് നൽകുന്നത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴു ജില്ലകളിൽ ഹാൻടെക്സിനും തൃശൂർ മുതൽ കാസർകോട് വരെ ഹാൻവീവിനുമാണ് ചുമതല.
കൈത്തറിയെ പുനരുജ്ജീവിപ്പിക്കാൻ 2016-17 ലെ ബഡ്ജറ്റിലാണ് പദ്ധതിക്ക് തുക വകയിരുത്തിയത്. 2017-18മുതൽ ഇത് നടപ്പാക്കി. 2023-24 അദ്ധ്യയനവർഷം വരെ 54.12 ലക്ഷം കുട്ടികൾക്ക് രണ്ട് ജോഡി ക്രമത്തിൽ 2.31 കോടി മീറ്റർ തുണിയാണ് നൽകിയത്.
571 കോടി
കൈത്തറി യൂണിഫോമിന് ആകെ ചെലവിട്ടത്
339.93 കോടി
നെയ്‌ത്തുകാരുടെ വേതനം
6154
തൊഴിൽ ലഭിച്ച നെയ്‌ത്തുകാർ
1600
അനുബന്ധ തൊഴിലാളികൾ
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ
സമീപിക്കുന്നതിനുള്ള നിയന്ത്രണം
പിൻവലിക്കണമെന്ന് കെ.ജി.എം.ഒ
കോഴിക്കോട്: സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ പിൻവലിക്കണമെന്ന് കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ്.ടി.എൻ, ജനറൽ സെക്രട്ടറി ഡോ.സുനിൽ.പി.കെ എന്നിവർ ആവശ്യപ്പെട്ടു.
സർവീസ് സംബന്ധമായ വിഷയങ്ങളിൽ നിയമപരിഹാരത്തിനായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് നീതി നിഷേധമാണ്. ഭരണതലത്തിൽ അപ്പീൽ സമർപ്പിച്ച് ആറുമാസത്തിനകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ ട്രൈബ്യൂണലിനെ സമീപിക്കാൻ പാടുള്ളൂവെന്ന നിബന്ധന ന്യായീകരിക്കാനാവില്ല. സ്വാഭാവികനീതി നിഷേധിക്കപ്പെടുമ്പോൾ ആശ്രയമാകുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടലുകൾ ഇല്ലാതാക്കുന്നതും മനുഷ്യാവകാശ നിയമങ്ങളെ നോക്കുകുത്തിയാക്കുന്നതുമായ സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.