തിരുവനന്തപുരം: കഷ്ടിച്ച് മൂന്നടി പോലും ഉയരമില്ലാത്ത സംരക്ഷണ ഭിത്തികളുമായി ദേശീയപാതയിലെ മേൽപ്പാലങ്ങളും ഫ്ലൈഓവറുകളും തുടർന്നാൽ അപകടങ്ങൾ ഇനിയും തുടർക്കഥയാകും.നിരത്തുകൾ ചോരക്കളമാകാതിരിക്കാൻ സംരക്ഷണഭിത്തികളുടെ ഉയരം അടിയന്തരമായി വർദ്ധിപ്പിച്ചേ മതിയാകൂ.വെൺപാലവട്ടം മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണ് കോവളം നെടുമം വയലിൻകര വീട്ടിൽ സിമി (34) മരിക്കാൻ ഇടയാക്കിയതും സംരക്ഷണഭിത്തിയുടെ ഉയരക്കുറവാണ്.

മേൽപ്പാലത്തിലൂടെയുള്ള ഇരുചക്രവാഹനയാത്രക്കാർക്കെല്ലാം മുന്നറിയിപ്പാണ് ഈ അപകടം.

ഓടിക്കുന്ന വാഹനത്തിന്റെ വേഗത മാത്രമല്ല അപകടത്തിന് കാരണമാകുന്നത്. പൊതുവേ ഇപ്പോൾ കാറ്റിന് ഈ ഭാഗങ്ങളിൽ വേഗത കൂടുതലാണ്. ഒപ്പം അമിതവേഗത്തിൽ വലിയ വാഹനങ്ങൾ കടന്നുപോവുക കൂടി ചെയ്താൽ ഭാരക്കുറവുള്ള ഇരുചക്രവാഹനങ്ങൾ തെന്നാനുള്ള സാദ്ധ്യത കൂടും. പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുമ്പോൾ ഭിത്തിയിൽ തട്ടുകയും ചെയ്യും. ഭിത്തിക്ക് ഉയരക്കൂടുതലുണ്ടെങ്കിൽ അപകടത്തിന്റെ തീവ്രത കുറയും.

റെയിൽവേ പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന മേൽപ്പാലങ്ങളിലെല്ലാം കൈവരിക്ക് ഒരാൾപൊക്കത്തിൽ കൂടുതൽ ഉയരമുണ്ട്. നിശ്ചിത ഉയരമില്ലാത്തിടത്തെല്ലാം ഗ്രില്ല് ഉപയോഗിച്ച് ഉയരം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതേ മാതൃകയിലെങ്കിലും റോഡുകളിലെ സംരക്ഷണ ഭിത്തികൾക്ക് ഉയരം വേണമെന്നാണ് ആവശ്യം. രാജ്യത്താകെ ഒരേ മാതൃകയിലാണ് ദേശീയപാത നിർമ്മിച്ചിരിക്കുന്നതെന്നാണ് നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ അധികൃതരുടെ വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ഇവിടെ കൂടുതലാണ്. സർവീസ് റോഡുകൾ വന്നുചേരുന്ന ഭാഗങ്ങളും കൂടുതലാണ്.

പാതയിൽ വെളിച്ചമില്ല;

വാഹനങ്ങൾ ഇരച്ചുപായും

ദേശീയപാതയാണെങ്കിലും മിക്കയിടത്തും വെളിച്ചമില്ല.കഴക്കൂട്ടം ഫ്ലൈഓവറിൽ ലൈറ്റുണ്ടെങ്കിലും മേൽപ്പാലങ്ങളിൽ വെളിച്ചമില്ല. സിഗ്നലിൽ കാത്തുനിൽക്കുന്ന വാഹനങ്ങൾ പച്ച കത്തുമ്പോഴേക്കും അമിത വേഗതയിലാണ് പോകുന്നത്. ഈഞ്ചയ്ക്കൽ സിഗ്നൽ കഴിഞ്ഞ് ഇങ്ങനെ പോകുന്ന വാഹനങ്ങൾ രണ്ടുവരിയിലുമായി വരുമ്പോൾ മുട്ടത്തറ മേൽപ്പാലത്തിലൂടെ ഇരുചക്രവാഹനമോടിച്ചുപോകുന്നവർ പേടിച്ച് പോകാറുണ്ട്.

അപകടത്തെക്കുറിച്ച് സിറ്റി പൊലീസ് നൽകുന്ന റിപ്പോർട്ടനുസരിച്ച് നടപടികളെടുക്കും.

നാഷണൽ ഹൈവേ അതോറിട്ടി ഓഫീസ്