തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വീട്ടമ്മയുടെ ഹാൻഡ് ബാഗിൽ നിന്ന് 13 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി.മാറനല്ലൂർ പിരയൻകോട് സ്വദേശി ചിത്രയുടെ ബാഗിൽ നിന്നാണ് കിഴക്കേകോട്ടയിൽ വച്ച് ആഭരണങ്ങൾ മോഷ്‌ടിച്ചത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഴ്‌സുമായി ബസിൽ ഒപ്പം യാത്ര ചെയ്‌തിരുന്ന യുവതി ഓട്ടോയിൽ കയറി പോകുന്നതിന്റെ ദൃശ്യം സി.സി ടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു. മകളുടെ വീടിന്റെ പണിക്കായി വിൽക്കാൻ കൊണ്ടുവന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കിഴക്കേകോട്ട ബസ് ടെർമിനലിന് സമീപത്തായിരുന്നു സംഭവം. ചിത്ര ഭർത്താവിനും മകൾക്കുമൊപ്പം രാവിലെ 11.15നാണ് ഊരൂട്ടമ്പലത്തു നിന്ന് കിഴക്കേകോട്ടയിലേക്കുള്ള ബസിൽ കയറിയത്.12ഓടെ ബസ് കിഴക്കേകോട്ടയിലെത്തി. മകളും ഭർത്താവും ആദ്യം ഇറങ്ങി. മകളുടെ കുഞ്ഞ് തോളിൽ ഉറങ്ങിക്കിടന്നതിനാൽ തിരക്കൊഴിഞ്ഞ ശേഷമാണ് ചിത്ര ഇറങ്ങിയത്.ഇതിനിടയിൽ ചില സ്ത്രീകൾ ഇറങ്ങാനായി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ജുവലറിയിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിന്റെ സിബ് തുറന്നുകിടക്കുന്നതായും ആഭരണങ്ങൾ മോഷണം പോയതായും അറിഞ്ഞത്.
പരാതി കിട്ടിയതിനെ തുടർന്ന് പൊലീസെത്തി സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീ ആഭരണങ്ങൾ സൂക്ഷിച്ച പഴ്‌സുമായി വേഗത്തിൽ നടന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോകുന്ന ദൃശ്യം ലഭിച്ചത്.ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.