ddd

തിരുവനന്തപുരം: വെട്ടുകാട് വാർഡിലെ ആൾസെയിന്റ്സ് നവവേദി റസിഡന്റസ് അസോസിയേഷൻ, ഈന്തിവിളാകാം, ബാലനഗർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. 'നവവേദി റസി. അസോസിയേഷൻ മഴ പെയ്താൽ കുളമാകും" എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 27ന് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.

കഴിഞ്ഞ വർഷം ആസൂത്രണമില്ലാതെ അശാസ്ത്രീയമായി ഓട നിർമ്മിച്ചതായിരുന്നു വെള്ളക്കെട്ടുണ്ടാക്കിയത്. മഴവെള്ളം ഒഴുകി പോകാതെ പ്രദേശത്തെ റോഡിൽ കെട്ടിക്കിടക്കുകയാണ്. തുടർന്ന് സമീപത്തെ വീടുകളിലും വെള്ളം കയറി. ഇതോടെ ഇവിടത്തുകാരുടെ യാത്രയും ദുരിതമായി. വെള്ളക്കെട്ടിൽ കൊതുക്, ഈച്ച, തവള തുടങ്ങിയവയുടെ ശല്യം രൂക്ഷമായതോടെ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലായിരുന്നു.

 ജോലികൾക്ക് 100 തൊഴിലാളികൾ

വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ഒന്നും ചെയ്യാത്തതിനാൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് കേരള കൗമുദി വാർത്ത നൽകിയത്. വെള്ളം ആമയിഴഞ്ചാൻ തോടിന്റെ ഭാഗമായ വട്ടക്കായലിലേക്ക് ഒഴുക്കിയിരുന്ന ഓട വൃത്തിയാക്കലാണ് ഇപ്പോൾ നടക്കുന്നത്. 100 ശുചീകരണ തൊഴിലാളികളെ ഉൾപ്പെടുത്തി മേയർ ആര്യാ രാജേന്ദ്രന്റെ മേൽനോട്ടത്തിലാണ് ശുചീകരണം. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ക്ഷേമകാര്യ ചെയർമാൻ ക്ലൈനസ് റോസാരിയോ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ക്യാപ്ഷൻ: ആൾസെയിന്റ്സ് നവവേദി റസിഡന്റ്സ് അസോസിയേഷൻ, ഈന്തിവിളാകാം,ബാലനഗർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വട്ടക്കായൽ വരെയുള്ള പ്രദേശം നഗരസഭയുടെ 100 തൊഴിലാളികളെ ഉൾപ്പെടുത്തി മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ശുചീകരിച്ചപ്പോൾ. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ക്ഷേമകാര്യ ചെയർമാൻ ക്ലൈനസ് റോസാരിയോ തുടങ്ങിയവർ സമീപം