പാങ്ങോട്: കാർ മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ചിതറ മേച്ചേരി സഞ്ജു വിലാസത്തിൽ സഞ്ജുവാണ്(46) അറസ്റ്റിലായത്. അയിരൂർമുക്ക് സ്വദേശി നസീമിന്റെ മാരുതി കാറാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നസീമിന്റെ ഭാര്യ ട്യൂഷൻ സെന്ററിൽ നിന്നും മക്കളെ വിളിച്ചു കൊണ്ട് വന്ന് കാർ റോഡരുകിൽ നിറുത്തിയിട്ട ശേഷം അകത്തേക്ക് പോയ അവസരത്തിൽ പ്രതി കാറുമെടുത്ത് കടന്നു കളയുകയായിരുന്നു. തുടന്ന് നസീം പാങ്ങോട് പൊലീസില്‍ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസും റൂറല്‍ എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി വിവിധയിടങ്ങളിൽ നിന്നുള്ള സിസി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കടയ്ക്കലിൽ നിന്നും പിടികൂടുകയായിരുന്നു. കിളിമാനൂർ, വർക്കല, പാങ്ങോട് പൊലീസ് സ്‌റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ. ദിലീപ്, പാങ്ങോട് എസ്.ഐ. ബിനിമോൾ, സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർമാരായ റജിമോൻ, സഞ്ജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.