1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തേക്ക് കണ്ടയ്നറുമായി ആദ്യ കപ്പൽ അടുത്ത ആഴ്ച അവസാനമെത്തുമെന്ന് സൂചന.വരുവേൽക്കുന്നതിന് പുതിയ ടഗ്ഗ് ഡോൾഫിൻ - 28 ഇന്നലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. നിലവിൽ ഡോൾഫിൻ പരമ്പരയിൽപ്പെട്ട ഡോൾഫിൻ -27,ഡോൾഫിൻ 35 എന്നീ ചെറു ടഗുകൾ ഇവിടെ ഉണ്ട്. ഈ മാസം 10നും 15നും ഇടയ്ക്കാണ് കണ്ടയ്നറുകളുമായി ആദ്യ കപ്പൽ ഇവിടെ എത്താൻ സാദ്ധ്യതയെന്ന് അധികൃതർ പറഞ്ഞു. സിങ്കപ്പൂർ,കൊളംബോ തുറമുഖങ്ങളിലെ തിരക്കുകാരണം പുതിയ തുറമുഖമെന്ന നിലയ്ക്ക് ലോകത്തെ മുൻനിര ഷിപ് ലൈനേഴ്‌സ് വിഴിഞ്ഞത്തേക്ക് വരാൻ താൽപര്യം കാണിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ ഏതെങ്കിലും കണ്ടയ്നർ കപ്പലാണ് വിഴിഞ്ഞത്ത് അടുക്കുന്നതെന്നാണ് സൂചന. കപ്പൽ ചാലുവരെ എത്തുന്ന കണ്ടയ്നർ കപ്പലുകളെ അവിടെ നിന്നും തുറമുഖ ബർത്തിലേക്ക് എത്തിക്കുന്നത് ചെറു ടഗ്ഗുകളുടെ അകമ്പടി സഹായങ്ങളോടെയാണ്. ഇതിനായി വിദഗ്ദ്ധ പരിശീലനം കിട്ടിയ ടഗ്ഗുകളാണ് ഡോൾഫിൻ നിലവിലുള്ള ടഗ്ഗുകളെ കൂടാതെ കൂടുതൽ ടഗ്ഗുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും.