തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും അവാസ്തവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ 14 ജില്ലാ കമ്മിറ്റികളും യോഗം ചേരുന്നതിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേർന്നത്.തിരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങൾ ഓരോ മണ്ഡലം കമ്മിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ആനാവൂർ നാഗപ്പനും എം.സ്വരാജും പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് ഓരോ നിയമസഭാ മണ്ഡലത്തിലും നേതൃത്വം കൊടുത്ത ജില്ലാ കമ്മിറ്റി അംഗങ്ങൾ അവർക്ക് മനസിലായ കാര്യങ്ങൾ കമ്മിറ്റിയിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ചില മാദ്ധ്യമങ്ങൽ വാർത്ത കൊടുത്തതുപോലെ ഏതെങ്കിലും ഒരു വ്യക്തിയെയോ മന്ത്രിമാരെയോ സ്പീക്കറെയോ പേരെടുത്ത് ആരും വിമർശിച്ചിട്ടില്ല. പ്രത്യേകിച്ച് നഗരസഭയെ സംബന്ധിച്ച് മേയറുടെ പേരു പോലും ആരും പരാമർശിച്ചിട്ടില്ല. ഇത്തരം വാർത്തകൾ ഏതോ കേന്ദ്രത്തിൽ വച്ച് തയാറാക്കി മാദ്ധ്യമങ്ങൾക്ക് നൽകിയതാണ്. ഇത്തരം വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള ചില മാദ്ധ്യമങ്ങളുടെ ബോധപൂർവ്വമായ ശ്രമമാണ്. ചർച്ചയിൽ പങ്കെടുത്ത ഏതെങ്കിലും ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം ചോദിക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ പാർട്ടി തീരുമാനിച്ചിട്ടില്ല. ഇനിയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.