poem

ക്രൗര്യസൂര്യൻ നേർമുകളിൽ.
കരിയാതെ, നീരുവറ്റാ-

തുലയാതെയാണ് നിൽപ്പ്.

തേൻപഴച്ചാറോർമ്മകൾ

സ്പന്ദിക്കും രക്തധമനികൾ

പ്രവഹിക്കുന്നുണ്ടിപ്പൊഴും.

കുതിച്ചു പായാനൊരുങ്ങി-

യിരുന്നൊരശ്വം, കടിഞ്ഞാൺ

മുറുകി കിതയ്ക്കാതെ കൂടെയും.

കനവും കനലും പൊള്ളിച്ച

കാഴ്ചകൾ കണ്ണീരണിയാതെ

കൂട്ടിനുണ്ടെപ്പൊഴും.

വിഷശാപമൊഴിയമ്പുകൾ

തറച്ച പടച്ചട്ട പിന്നിലൊരു

ഭാരമായ് ചേർന്നിരിപ്പുണ്ട്.

നേട്ടപ്പാച്ചിലിൽ പാദങ്ങൾ
പതിയാത്ത മണ്ണിലാകെ
നെടുവീർപ്പുകൾ ഇഴയുന്നുണ്ട്.

മാപ്പിൻ വിത്തുകൾ വിതറാ-

നറയ്ക്കാതെ, ഏതു മരുവിലും
തണലറിയുന്നുണ്ട്.

പകലന്തിയോളമുടുത്ത
പുഞ്ചിരിപ്പാടയുരിഞ്ഞ്

രാത്രികൾ ഉറങ്ങാതറിയുന്നുണ്ട്.

കിഴക്കു തേടാത്ത പടിഞ്ഞാറുകൾ
കാളിമ തീർക്കുമഗാധത-

യണിഞ്ഞ് ഭ്രമിപ്പിക്കാറുണ്ട്.

തലയുയർത്തി നിൽപ്പാണെങ്കിലും
കാലത്തിന് മദ്ധ്യമെന്നൊന്നില്ലല്ലോ!