കല്ലമ്പലം: വർഷങ്ങളായി പ്രദേശത്തുള്ളവർക്ക് അക്ഷരം പകർന്നുനൽകിയ നാവായിക്കുളം പഞ്ചായത്ത് ഗ്രന്ഥശാല പെരുവഴിയിൽ. മൂന്ന് പതിറ്റാണ്ടായി ദേശീയപാതയിൽ എതുക്കാട് മാർക്കറ്റിന്‍ സമീപം നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വായനശാലയാണ് ഇന്ന് സ്ഥലത്തിനായി ഓടിനടക്കുന്നത്. ദേശീയപാത വികസനം വന്നതോടെയാണ് വായനശാലയുടെ ശനിദശ തുടങ്ങിയത്. റോഡിന് വീതി കൂട്ടാനായി ഗ്രന്ഥശാലയുടെ പഴയ കെട്ടിടം നിലനിൽക്കെത്തന്നെ വിശാലമായ മറ്റൊരു കെട്ടിടം കൂടി പഞ്ചായത്ത് ഇതിനടുത്തായി നിർമ്മിച്ചു.
സ്ഥലവും പോയി
2014 -15 പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപകൂടി അനുവദിച്ചുകൊണ്ട് രണ്ടുനിലയിൽ പണി പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. പഴയ ഗ്രന്ഥശാല കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തു. എന്നാൽ ഗ്രന്ഥശാല ഇതിലേക്ക് മാറ്റാതെ ഈ കെട്ടിടം ഐ.സി.ഡി.എസിന്റെ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇപ്പോൾ വായനശാല പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടം പൊളിച്ചതോടെ ഗ്രന്ഥശാലയ്ക്ക് ഇടമില്ലാതായി. ഗ്രന്ഥശാലയ്ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാതെ ഐ.സി.ഡി.എസിനുള്ളിലെ ഒരു കോണിലേക്ക് വായനശാല മാറ്റപ്പെട്ടതോടെ ഇതിന്റെ പ്രവർത്തനം നിലച്ചു.