photo

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി 9 ലക്ഷം വിനിയോഗിച്ച് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം രണ്ട് തവണയായി ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ വീണ്ടും വൻതോതിലാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികൾ,കവറുകൾ,തെർമോകോൾ മദ്യക്കുപ്പികൾ എന്നിവയാണ് ഇവിടെ അടിഞ്ഞുകിടക്കുന്നത്. റെയിൽവേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിറഞ്ഞാൽ മഴ സമയങ്ങളിൽ റെയിൽവേ സ്റ്റേഷൻ യാഡിൽ വെള്ളം കയറി ട്രെയിൻ ഗതാഗതം തടസപ്പെടാനുള്ള സാദ്ധ്യതയുണ്ട്.

തോട്ടിലെ മാലിന്യം അടുത്തിടെ മാറ്റിയതിനാൽ ഇനി അടുത്ത മഴക്കാല ശുചീകരണത്തിലേ കോൺട്രാക്ട് സ്വീകരിക്കൂവെന്നാണ് അധികൃതരുടെ മറുപടി. തോടുകളിലെ മാലിന്യങ്ങൾ മാറ്റി ശുചീകരിക്കാൻ കോൺട്രാക്ടർ തയ്യാറാകുന്നില്ല.ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കാൻ ഇടവുമില്ല. ഇവിടെനിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിയാലേ സംസ്കരിക്കാൻ സാധിക്കൂ. ഇത്തരം മാലിന്യങ്ങൾ സ്വീകരിക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.