ചിറയിൻകീഴ്: മുതലപ്പൊഴി സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും തടയാൻ ശ്രമിക്കുകയും ചെയ്തു.പൊലീസ് പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് മന്ത്രിയുടെ വാഹനത്തെ കടത്തിവിട്ടത്.തുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.മുതലപ്പൊഴിയിൽ ഇന്നലെ നടന്ന ചർച്ച നിരാശാജനകമാണെന്നാരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്.പ്രതിഷേധ പ്രകടനത്തെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
മുതലപ്പൊഴിയിൽ കഴിഞ്ഞ 3 ദിവസമായി നടന്നുവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കെടുത്ത അഡ്വ.എസ്.കൃഷ്ണകുമാർ,ബി.എസ്.അനൂപ്,മുനീർ പെരുമാതുറ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അഡ്വ.എസ്.കൃഷ്ണകുമാർ താലൂക്ക് ആശുപത്രിയിൽ നിരാഹാര സമരം തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടറുടെ നിർദ്ദേശത്തുടർന്ന് മറ്റുള്ളവർ നിരാഹാരം അവസാനിപ്പിച്ചു.ആശുപത്രിയിൽ തുടരുന്ന കൃഷ്ണകുമാറിനെ ചാണ്ടി ഉമ്മൻ എം.എൽ.എ സന്ദർശിച്ചു.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ മുതലപ്പൊഴിയിൽ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ആനന്ദ്,കെ.എസ്.അജിത് കുമാർ,അഡ്വ.വി.കെ.രാജു,ബ്ലോക്ക് പ്രസിഡന്റുമാരായ എം.എസ്.നൗഷാദ്,കെ.ആർ.അഭയൻ,കോൺഗ്രസ് നേതാക്കളായ സുനിൽ പെരുമാതുറ,മോനി ശാർക്കര,വർഗീസ്,ബൈജു,ജോയി എന്നിവർ അറിയിച്ചു.