തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി പുരസ്കാരം മോഹൻലാലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 31ന് നിശാഗന്ധിയിൽ നടക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. കെ. ജയകുമാർ,പ്രഭാവർമ്മ,സംവിധായകൻ പ്രിയദർശൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക പരിപാടികൾ ആഗസ്റ്റ് 16ന് ആരംഭിക്കും. മലയാള സിനിമയും ശ്രീകുമാരൻ തമ്പിയും എന്ന വിഷയത്തിൽ സെമിനാർ,കവി സമ്മേളനം,ഗാനാലാപ മത്സരം എന്നിവ നടക്കും. ഗോകുലം ഗോപാലൻ ചെയർമാനും മുൻ സ്പീക്കർ എം.വിജയകുമാർ രക്ഷാധികാരിയുമായ സമിതിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഫൗണ്ടേഷൻ ഭാരവാഹികളായ ജയശേഖരൻ നായർ,സി.ശിവൻകുട്ടി,കല്ലിയൂർ ശശി,ദിനേശ് പണിക്കർ,രാജേശ്വരി,ഡോ. വിജയാലയം മധു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.