തിരുവനന്തപുരം: ജനലുകളും വാതിലുകളും കൊട്ടിയടച്ച് കണ്ണ് കെട്ടി ഇരയെ അകത്തു കൊണ്ടുവരും. ബഹളം വച്ചാൽ വാ മൂടിക്കെട്ടും. മുറി അകത്തുനിന്ന് പൂട്ടും. കൂട്ടംകൂടി മർദ്ദിക്കും. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് എന്ന് ഭീഷണി. എസ്.എഫ്.ഐ ഭരിക്കുന്ന കോളേജുകളിൽ ഇന്നും ഇടിമുറികൾ ഉണ്ടെന്ന് കെ.എസ്.യു ആരോപിക്കുന്നു. വിദ്യാർത്ഥികൾക്ക് ആ മുറിയുടെ പരിസരത്ത് പോകാൻ അനുവാദം ഉണ്ടാവില്ല.

കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കാര്യവട്ടം ക്യാമ്പസിലെ എം.എ മലയാളം വിദ്യാർത്ഥിയുമായി സാഞ്ചോസിനെ ക്യാമ്പസിലെ 121-ാം നമ്പർ ഇടിമുറിയിൽ വച്ച് മർദ്ദിച്ചുവെന്നാണ് ആരോപണം. പോകാൻ വിസമ്മതിച്ചപ്പോൾ സാഞ്ചോസിന്റെ കഴുത്ത് ഞെരിച്ചതായും ആരോപണമുണ്ട്.

തങ്ങളെ അനുകൂലിക്കാത്തവരെ റാഗിംഗ് എന്ന പേരിൽ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിക്കുന്ന ഇടമാണ് എസ്.എഫ്.ഐയുടെ ഇടിമുറികൾ. പെൺകുട്ടികളടക്കം ഇരകളാകുന്നുണ്ടെന്നും ആരോപണമുണ്ട്. എസ്.എഫ്.ഐയ്ക്ക് എതിരെ നിൽക്കുന്നവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ഈ മുറിയിൽ വച്ച് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയയ്ക്കും.
പലപ്പോഴും യൂണിയൻ ഓഫീസുകളാണ് ഇടിമുറികളായി മാറുന്നത്. പാർട്ടിക്കാർക്ക് മാത്രമല്ല നിഷ്പക്ഷരായ വിദ്യാർത്ഥികളും ആക്രമണം നേരിടുന്നുണ്ട്. നേതൃസ്ഥാനത്തുള്ളവരുടെ മൗനാനുവാദവും ഇതിനുണ്ട്. ഒന്നാംവർഷ വിദ്യാർത്ഥികളാണ് ഇരയാകുന്നവരിൽ അധികവും.

ഇടിമുറികൾ സത്യമെന്ന് റിപ്പോർട്ട്

2019ൽ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ചെയർമാനായി സ്വതന്ത്ര ജുഡിഷ്യൽ കമ്മിഷൻ രൂപീകരിച്ചിരുന്നു. സംഘടന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പലപ്പോഴും നിർബന്ധിക്കപ്പെടുന്നു എന്ന് അന്ന് കമ്മിഷൻ കണ്ടെത്തി. ഭീഷണിക്ക് മുന്നിൽ അദ്ധ്യാപകർ പോലും നോക്കുകുത്തികളായി നിൽക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിനു പുറമെ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലും ഇടിമുറികൾ പ്രവർത്തിക്കുന്നതായി അന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.

കെ.എസ്.യു മാർച്ചിൽ സംഘർഷം

സാഞ്ചോസിനെ ആശുപത്രിയിലെത്തിക്കാനും കേസെടുക്കാനും പൊലീസ് വിമുഖത കാട്ടിയതായി കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാനായിരുന്നു പൊലീസ് ശ്രമം. ഏറെ നേരം കാത്തിട്ടും ഫലം കാണാത്തതിനാലാണ് സ്റ്രേഷൻ ഉപരോധിച്ചത്. ഉപരോധത്തിൽ പങ്കെടുത്ത എം.എൽ.എമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. റോഡ് ഉപരോധത്തിനിടെ വാഹനം തടഞ്ഞ കെ.എസ്.യു പ്രവർത്തകയുടെ കഴുത്തിൽ പൊലീസ് ലാത്തിയമർത്തി എന്നാരോപിച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോയ ശേഷം സംസ്കൃത കോളേജിന് മുന്നിലെത്തിയ പ്രവർത്തകർ എസ്.എഫ്.ഐയുടെ കൊടികൾ നശിപ്പിച്ചു.

കോളേജുകളിലെ ഇടിമുറികളിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എസ്.എഫ്.ഐയുടെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ കാരണമാണ് കലാലയ തിരഞ്ഞെടുപ്പിൽ പലയിടത്തും അവർ പരാജയപ്പെട്ടത്. സാഞ്ചോസിനെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടാവുന്നതുവരെ പ്രതിഷേധം തുടരും. ഇടിമുറികൾ തകർത്ത് ജനാധിപത്യം കൊണ്ടുവരും.

-അലോഷ്യസ് സേവ്യർ,

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

പുറത്തുനിന്ന് വന്ന കോൺഗ്രസുകാരാണ് ക്യാമ്പസിൽ പ്രശ്നമുണ്ടാക്കിയത്. റീഡിംഗ് റൂം അടക്കം തകർത്തു. മാദ്ധ്യമങ്ങൾ കെ.എസ്‌.യുവിന്റെ ഭാഗം മാത്രം പറഞ്ഞ് എസ്.എഫ്.ഐയെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നു. ക്യാമ്പസിനകത്ത് ഇടിമുറിയുണ്ടെന്നത് വ്യാജ പ്രചാരണമാണ്. പൊലീസെത്തിയത് എസ്.എഫ്.ഐ വിളിച്ചതിനെ തുടർന്നാണ്.

ആദർശ്,

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി