w

ഹൈദരാബാദ്: സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായി‌ഡുവും തെലങ്കാന മുഖ്യമന്ത്രി കെ.രേവന്ത് റെഡ്ഡിയുമായുള്ള കൂടിക്കാഴ്‌ച ഇന്ന് ഹൈദരാബാദിൽ നടക്കും. കൂടിക്കാഴ്‌ച സംബന്ധിച്ച് നായിഡു റെഡ്ഡിക്ക് കത്ത് അയച്ചിരുന്നു. 2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച. ടി.ഡി.പി മുഖ്യമന്ത്രിയും കോൺഗ്രസ് മുഖ്യമന്ത്രിയും തമ്മിലുള്ള ചർച്ച എന്നതിനപ്പുറത്ത് പഴയ ആശാനും ശിഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് ടി.‌ഡി.പി നേതാവായിരുന്നു രേവന്ത് റെഡ്ഡി. നായിഡുവിന്റെ വിശ്വസ്തൻ. വിഭജനത്തിനു മുമ്പ് 2009ലും വിഭജനത്തിനു ശേഷം 2014ലും ടി.ഡി.പി സ്ഥാനാർത്ഥിയായി വിജയിച്ച രേവന്ത് പിന്നീടാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. 2019നു ശേഷം ടി.ഡി.പിയുടെ പ്രവർത്തനം തെലങ്കാനയിൽ ഏതാണ്ട് അവസാനിച്ചിരുന്നു. അവിടെ ശേഷിച്ചിരുന്ന ടി.ഡി.പി നേതാക്കൾ മറ്റ് പാർട്ടികളേക്ക് മാറി. പാർട്ടി മാറിയെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് കുറവൊന്നും വന്നിട്ടില്ല.

ആന്ധ്രായുടെയും തെലങ്കാനയുടെയും സുസ്ഥിര പുരോഗതിയും സമൃദ്ധിയും ഉറപ്പാക്കാൻ തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സഹകരണം വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് റെഡ്ഡിക്ക് അയച്ച കത്തിൽ നായിഡു വ്യക്തമാക്കിയിരുന്നു.

പരിഹരിക്കാൻ ഒട്ടേറെ വിഷയങ്ങൾ

ഇരുസംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായ ഹൈദരാബാദ് 2024 ജൂൺ രണ്ടിന് ശേഷം തെലങ്കാനയ്‌ക്ക് മാത്രമായി.

ഹൈദരാബാദിൽ ആന്ധ്രയ്ക്കുള്ള അവകാശം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ മേയ് 18ന് രേവന്ത് റെഡ്ഡി മന്ത്രിസഭായോഗം വിളിച്ചെങ്കിലും തിരഞ്ഞടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചില്ല. 2016ൽ നായിഡു ആന്ധ്ര മുഖ്യമന്ത്രിയായിരുപ്പോൾ സെക്രട്ടേറിയറ്റും സംസ്ഥാന ഭരണവും അമരാവതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിവിധ സ്ഥാപനങ്ങളുടെയും കോർപ്പറേഷനുകളുടെയും വിഭജനമുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ആന്ധ്രപ്രദേശ് പുനഃസംഘടനാ നിയമമനുസരിച്ച്, 89 സർക്കാർ കമ്പനികളും കോർപ്പറേഷനുകളും ഒമ്പതാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സീഡ്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, അഗ്രോ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, വെയർഹൗസിംഗ് കോർപ്പറേഷൻ തുടങ്ങി ആന്ധ്ര സർക്കാർ കമ്പനികളും കോർപ്പറേഷനുകളും ഇതിലുൾപ്പെടുന്നു. നിയമത്തിന്റെ പത്താം ഷെഡ്യൂളിൽ എ.പി കോ-ഓപറേറ്റീവ് യൂണിയൻ, എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഫോറസ്റ്റ് അക്കാഡമി, സെന്റർ ഫോർ ഗുഡ് ഗവേണൻസ്, ആന്ധ്ര പൊലീസ് അക്കാഡമി തുടങ്ങിയ 107 പരിശീലന സ്ഥാപനങ്ങൾ / കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ആസ്തി സംബന്ധിച്ച തർക്കത്തിനും പരിഹാരമായിട്ടില്ല. ഹൈദരാബാദിലെ കോർപ്പറേഷന്റെ ആസ്തികളിൽ ആന്ധ്രപ്രദേശും വിഹിതം ആവശ്യപ്പെട്ടപ്പോൾ തെലങ്കാന എസ്.ആർ.ടി.സി അത് നിഷേധിച്ചു.