photo-

നെയ്യാറ്റിൻകര: കേരള സർക്കാരിന്റെ ബോർഡ് വച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണ സിവിൽ സപ്ലൈസ് അധികൃതർ പിടികൂടി.‌ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

രേഖകൾ പരിശോധിച്ചതിൽ സംശയം തോന്നിയതിനെ തുടർന്നാണ് വാഹനം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണ്ണെണ്ണയും ബാരലും സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.ഇത് ജില്ലാ കളക്ടർക്ക് കൈമാറും.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര അമരവിളയിലായിരുന്നു സംഭവം.വിപണിയിൽ 2 ലക്ഷത്തോളം രൂപ വില വരും.

അമരവിളയ്ക്കടുത്ത് ദേശീയപാതയിൽ ടയർ പഞ്ചറായി കേരള ഗവൺമെന്റ് ബോർഡ് വച്ച വാഹനങ്ങൾ കിടക്കുന്നത് കണ്ട നെയ്യാറ്റിൻകര ടി.എസ്.ഒയും സംഘവും സംശയത്തെ തുടർന്നാണ് വാഹനം പരിശോധിച്ചത്. തമിഴ്നാട്ടിലെ റേഷൻകടകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ കേരളത്തിലെ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് വിൽക്കാൻ കൊണ്ടുവന്നതായിരുന്നു. വാഹനത്തിന് ഫിറ്റ്നെസുമില്ലെന്ന് പൊലീസ് പറഞ്ഞു. വാഹന ഉടമയെ ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.നെയ്യാറ്റിൻകര ടി.എസ്.ഒ എച്ച്.പ്രവീൺകുമാർ,റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിജുരാജ്,സുനിൽ ദത്ത്,രാധാകൃഷ്ണൻ,ഗിരീഷ് ചന്ദ്രൻ തുടങ്ങിയവരാണ് വാഹനം പിടികൂടിയത്.