sparjan

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മിഷണറായി ജി.സ്പർജ്ജൻകുമാറിന് ഇത് മൂന്നാമൂഴമാണ്. തെലങ്കാനയിലെ ഗുണ്ടൂർ സ്വദേശിയായ സ്പർജ്ജൻകുമാർ 2015 ഡിസംബർ മുതൽ 2017ആഗസ്റ്റ് വരെ സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. 2022 ജനുവരിയിലായിരുന്നു രണ്ടാമൂഴം.ഗുണ്ടാസംഘങ്ങളെ ഒതുക്കിയും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചും തലസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാക്കുകയാണ് സ്പർജ്ജന്റെ പുതിയ ദൗത്യം.നഗത്തിന്റെ മുക്കുംമൂലയും അറിയാവുന്നതും റസിഡന്റ്സ് അസോസിയേഷനുകളുമായടക്കം യോജിച്ച് പ്രവർത്തിക്കുന്നതിലെ മികവും കമ്മിഷണറായി മൂന്നാമൂഴത്തിലും തിളങ്ങാൻ സ്പർജ്ജൻകുമാറിന് കരുത്തേകും.

ഗുണ്ടൂർ ബാപറ്റ്‌ലയിലെ കാർഷിക കോളേജിൽ കൃഷിശാസ്ത്രത്തിൽ ബി.എസ്‌സിയും എം.എസ്‌സിയും നേടിയ ശേഷമാണ് സ്പർജ്ജൻകുമാർ ഐ.പി.എസിലെത്തിയത്. മികച്ച സ്പോർട്സ് പ്രേമിയും സംഘാടകനുമാണ്. കേരള സോഫ്‌റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. കോഴിക്കോട് കമ്മിഷണറായിരിക്കേ റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്നുള്ള കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം വ്യാപിപ്പിച്ചത് സ്പർജ്ജനായിരുന്നു. തിരുനെൽവേലി സ്വദേശി ഡോക്ടറായ എസ്.സിന്ധ്യയാണ് ഭാര്യ. മക്കൾ: സാമുവേൽ ജോ,ശ്രേഷ്ഠ.

നഗരം പ്രതീക്ഷിക്കുന്നത്

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളടക്കം വർദ്ധിച്ച സാഹചര്യത്തിലാണ് സ്പർജ്ജന്റെ മൂന്നാംവരവ്. ഗുണ്ടകളെ കരുതൽ തടങ്കലിലാക്കാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും വേഗത്തിൽ നടപടിയുണ്ടാവണം. നഗരത്തിലെ മാഫിയ-ഗുണ്ടാ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ ചവറ്റുകുട്ടയിലിടാതെ നടപടിയുണ്ടാവണം. കേസന്വേഷണങ്ങൾ വേഗത്തിലാക്കണം. മോഷണം, പിടിച്ചുപറി എന്നിവ തടഞ്ഞും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടഞ്ഞും നഗരം സുരക്ഷിതമാക്കണം. പഴുതടച്ച ക്രമസമാധാനപാലനത്തിലൂടെ നഗരവാസികളുടെ ജീവിതം സമാധാനപൂർണമാക്കുമെന്നാണ് പുതിയ കമ്മിഷണറിൽ നിന്ന് നഗരം പ്രതീക്ഷിക്കുന്നത്.

സ്പർജ്ജന്റെ മിടുക്ക്

ക്രമസമാധാനം,കേസന്വേഷണം,കമ്മ്യൂണിറ്റി പൊലീസിംഗ്,ഗതാഗതനിയന്ത്രണം എന്നീ നാലുമേഖലകളിലും ഒരേപോലെ ശ്രദ്ധ.

ജനങ്ങൾക്ക് നേരിട്ട് പരാതി പറയാനും വിവരങ്ങൾ അറിയിക്കാനും കമ്മിഷണർ തലത്തിൽ സംവിധാനമൊരുക്കിയിരുന്നു.

കുട്ടികളിലെ ലഹരി ഉപയോഗം തടയാനും സംഘടിത കുറ്റകൃത്യങ്ങൾ അമർച്ചചെയ്യാനും തടയാനും പ്രത്യേക സംവിധാനം വരും.

റസിഡന്റ്സ് അസോസിയേഷനുകളുമായി പൊലീസ് യോജിച്ച് പ്രവർത്തിക്കുന്നതിലൂടെ വിവരങ്ങൾ അറിയാനും കുറ്റകൃത്യങ്ങൾ തടയാനുമാവും.