തിരുവനന്തപുരം: ഹൈസ്പീഡ് കോറിഡോറുകളിലും ദേശീയപാതകളിലും ഇരുചക്ര വാഹനങ്ങൾ ഒഴിവാക്കുന്നത് ഉചിതമെന്ന് റോഡ് സുരക്ഷാ മേഖലയിലെ വിദഗ്ദ്ധർ. മേൽപ്പാലങ്ങളിലും ഫ്ലൈഓവറുകളിലും ഇരുചക്ര വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കരുത്. ദേശീയപാതകളിൽ പ്രവേശിക്കുകയാണെങ്കിൽ പരമാവധി വലതുവശത്തു കൂടിയും സർവീസ് റോഡുകളിലൂടെയും മാത്രമേ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാവൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വെൺപാലവട്ടം മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് 23 അടി താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് വീണ് കോവളം നെടുമം വയലിൻകര വീട്ടിൽ സിമി (34) മരിക്കാനിടയായ സംഭവത്തിലാണ് വിദഗ്ദ്ധർ പ്രതികരിച്ചത്. ദേശീയപാതയിൽ പ്രവേശിക്കുന്നവർ നിശ്ചിത ലൈനിലൂടെ മാത്രമേ പോകാവൂവെന്നും വേഗത കുറയ്ക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ പാലിക്കാറില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ നിരോധിക്കണമെന്നും സർവീസ് റോഡുകളിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവദിക്കാവൂവെന്നും ചൂണ്ടിക്കാട്ടി മുൻ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ശുപാർശ നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്.
പി.ഡി. സുനിൽ ബാബു:-
(മുൻ ദക്ഷിണമേഖല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, കെ.എസ്.ആർ.എസ്.എ ട്രാഫിക് സേഫ്ടി എക്സ്പേർട്ട്)
ഇരുചക്ര വാഹനത്തിൽ കൂടുതൽ ദൂരം യാത്ര ചെയ്യുമ്പോഴാണ് അപകടങ്ങളേറെയും നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറെദൂരം യാത്ര ചെയ്യുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കും. ആരോഗ്യ പ്രശ്നമുള്ളവരും ശാരീരികമായി അസ്വസ്ഥതയുള്ളവരും ഇരുചക്ര വാഹനത്തിൽ ഏറെദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കണം. അശ്രദ്ധയിലുള്ള ഡ്രൈവിംഗും അമിതവേഗതയും അപകടങ്ങളുണ്ടാക്കുന്ന മറ്റൊരു പ്രധാന കാരണമാണ്.ദേശീയപാതകളും ഹൈസ്പീഡ് കോറിഡോറുകളും മൾട്ടി ആക്സിലുകളിൽ ഓടുന്ന ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും വേണ്ടി തയാറാക്കിയിട്ടുള്ളതാണ്.
അനിൽകുമാർ പണ്ടാല:-
എം.ഡി, തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കമ്പനി
ഇരുചക്ര വാഹനങ്ങൾ ദേശീയപാതകളിലും ഹൈസ്പീഡ് കോറിഡോറിലും ഒഴിവാക്കണമെന്നാണ് അഭിപ്രായം. ദേശീയപാതകളിൽ പ്രവേശിക്കുകയാണെങ്കിൽ വലതുവശത്തു കൂടിയും സർവീസ് റോഡുകളിൽ കൂടിയും മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കാവൂ. മേൽപ്പാലത്തിലും ഫ്ളൈഓവറുകളിലുമുള്ള കൈവരികൾക്ക് ഇന്ത്യൻ റോഡ് കോൺഗ്രസ് കോഡ‌് പ്രകാരം ഒരു മീറ്റർ മുതൽ 1.2 മീറ്റർ ഉയരമാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇത്രയും ഉയരം വെൺപാലവട്ടം മേൽപ്പാലത്തിലും ഫ്ലൈഓവറിലും ഇല്ലെങ്കിൽ അതിനുമുകളിൽ ക്രാഷ് ഗാർഡ് ബാരിയറുകൾ സ്ഥാപിക്കുകയാണ് വേണ്ടത്. റെയിൽവേപാതയ്ക്ക് മുകളിലുള്ള മേൽപ്പാലങ്ങളിൽ ഒരാൾ പൊക്കത്തിലുള്ള കൈവരികൾ സ്ഥാപിച്ചത് ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ്.