dd

വിതുര: കരടികളുടെ ആക്രമണത്തിൽ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ബോണക്കാട് ബി.എ ഡിവിഷനിൽ കാറ്റാടിമുക്ക് ലെയിനിൽ താമസിക്കുന്ന ലാലയെ (55) ആണ് കരടികൾ കടിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ എസ്റ്റേറ്റ് ലയത്തിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. രണ്ട് കരടികളുണ്ടായിരുന്നു.

ലാലയെ കരടികൾ അടിച്ച് നിലത്തിട്ട് ദേഹത്ത് കയറിയിരുന്നാണ് ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്. ഇയാളുടെ നിലവിളി കേട്ട് മറ്റ് തൊഴിലാളികൾ ഒാടിയെത്തി കരടികളെ തുരത്തി ഒാടിക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ തൊഴിലാളികളെയും ആക്രമിക്കാൻ ശ്രമിച്ചു.

ലാലയെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി ബോണക്കാട് മേഖലയിൽ കരടി ശല്യമുള്ളതായി തൊഴിലാളികൾ പറയുന്നു. മുൻപും ഇവിടെ തൊഴിലാളികൾക്കു നേരേ കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. എസ്റ്റേറ്റ് വളപ്പിലെ പ്ലാവുകളിലെ ചക്ക കഴിക്കാനാണ് കരടികൾ എത്തുന്നതെന്ന് വനപാലകർ പറയുന്നു. കരടിക്ക് പുറമെ കാട്ടാനയുടെയും, കാട്ടുപോത്തിന്റെയും,പുലിയുടെയും ശല്യമുള്ളതായി എസ്റ്റേറ്റ് തൊഴിലാളികൾ പറഞ്ഞു. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലാല അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.