hadhras

ഹാഥ്‌റസിൽ ഭോലെ ബാബയുടെ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 121 പേർ മരണമടഞ്ഞ സംഭവത്തിൽ യു.പി സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകട കാരണങ്ങളും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായുള്ള സൗകര്യങ്ങളുടെ അഭാവവും പരിശോധിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമർപ്പിക്കും. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അന്വേഷണ കമ്മിഷനും തുടർന്ന് അവർ നൽകുന്ന ശുപാർശയുടെ റിപ്പോർട്ട് സമർപ്പണവുമൊക്കെ നടക്കുമെങ്കിലും അതൊന്നും കാര്യമായി ഒരു സർക്കാരും നടപ്പാക്കാറില്ല. ഇതാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുവാനുള്ള ഒരു പ്രധാന കാരണം.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഹാഥ്‌റസിൽ സത്‌സംഗം നടന്നത്. 80,000 പേർക്കായിരുന്നു അനുമതി. എന്നാൽ രണ്ടര ലക്ഷത്തോളം ആളുകളാണ് അവിടെ തടിച്ചുകൂടിയത്. ഭോലെ ബാബയുടെ പാദം തൊട്ട് വണങ്ങാനും പാദം പതിഞ്ഞ മണ്ണ് വാരിയെടുക്കാനുമുള്ള തിക്കും തിരക്കുമാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ താലൂക്ക്, ജില്ലാ ആശുപത്രികളിൽ ഇല്ലാതിരുന്നതും മരണനിരക്ക് ഉയരാൻ ഇടയാക്കി. ഭരണ, നിയമ, ചികിത്സാ സൗകര്യങ്ങളുടെ വീഴ്ച‌യിലേക്കു കൂടിയാണ് ഈ ദുരന്തം വിരൽചൂണ്ടുന്നത്. ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നവരേക്കാൾ ഉത്തരവാദിത്വം ഇക്കാര്യങ്ങളിൽ പുലർത്തേണ്ടത് സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ട പൊലീസ് ഉൾപ്പെടെയുള്ള നിയമ സംവിധാനത്തിനാണ്. ജില്ലാ കളക്ടറും, എസ്.പിയുമാണ് ഇക്കാര്യത്തിൽ ആദ്യം മറുപടി നൽകേണ്ടത്.

ആത്മീയ ആചാര്യന്മാരുടെയും മത അദ്ധ്യക്ഷന്മാരുടെയും ആശ്രമാധിപതികളുടെയും മറ്റും യോഗങ്ങൾക്ക് അനിയന്ത്രിതമായ ജനപ്രവാഹം ഉണ്ടാവുക സാധാരണമാണ്. പിന്നീട് ജനങ്ങൾ ഏറ്റവും കൂടുതൽ തടിച്ചുകൂടുന്നത് പ്രമുഖ രാഷ്ട്രീയ കക്ഷികൾ സംഘടിപ്പിക്കുന്ന റാലികൾക്കാണ്. ഇത്തരം ആൾക്കൂട്ട യോഗങ്ങൾ മുറയ്ക്കു നടക്കുന്ന രാജ്യമാണ് ഇന്ത്യ. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്ന പക്ഷം യാതൊരു ബുദ്ധിമുട്ടും കൂടാതെ യോഗങ്ങൾ സംഘടിപ്പിക്കാനാവും. ഇതിനായി സംഘാടകരും ഭരണസംവിധാനവും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്. അതില്ലാതെ വരുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്. സംഭവത്തിനു പിന്നാലെ ആത്മീയ പ്രഭാഷകൻ ഭോലെ ബാബ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. അതേസമയം സത്‌സംഗത്തിനിടയിൽ സാമൂഹ്യവിരുദ്ധർ കടന്നുകയറിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ഭോലെ ബാബയുടെ അടുത്ത അനുയായികൾ വ്യക്തമാക്കുന്നത്. സാമൂഹ്യവിരുദ്ധർ കടന്നുകൂടിയത് എങ്ങനെയെന്ന് വിശദീകരിക്കാനും വ്യക്തമാക്കാനുമുള്ള ബാദ്ധ്യത സംഘാടകർക്കുണ്ട്.

സംഘാടകരുടെയും ഭരണകൂടത്തിന്റെയും തികഞ്ഞ അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചതെന്ന് നിസംശയം കരുതാം. ഇത്രയും വലിയ ദുരന്തത്തിനു ശേഷം പരിക്കേറ്റവരെ എത്തിച്ച സിക്കന്ദ്ര റാവു ട്രോമ സെന്റർ ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ജീവനോടെ എത്തിച്ച പലർക്കും മതിയായ ചികിത്സ ലഭിച്ചില്ല. ഇത്തരം ആൾക്കൂട്ട യോഗങ്ങൾ നടക്കുമ്പോൾ ആ പ്രദേശത്തുള്ള ആശുപത്രികളിൽ അടിയന്തര ചികിത്സാസൗകര്യങ്ങൾ നേരത്തേ തന്നെ ഒരുക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളുടെ അധിക ചെലവുകളും സംഘാടകരിൽ നിന്ന് ഈടാക്കാവുന്നതാണ്. അന്വേഷണ റിപ്പോർട്ടിൽ വീഴ്ചയുടെ ഉത്തരവാദിത്വം ആർക്കൊക്കെയാണെന്ന് കണ്ടെത്താതിരിക്കില്ല. ഇവർക്കെതിരെ അതിശക്തമായ ശിക്ഷാനടപടികൾ ഉണ്ടാകുന്ന തരത്തിൽ വേണം സർക്കാരും പൊലീസും കേസുമായി മുന്നോട്ടു പോകേണ്ടത്. ഇതുപോലുള്ള ദുരന്തങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ അത്തരം നടപടി അനിവാര്യമാണ്. അതുപോലെ തന്നെ,​ ആൾക്കൂട്ട യോഗങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ ഈ ദുരന്തത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ തിരുത്തലുകളും നടത്തേണ്ടതാണ്. എന്നാൽ മാത്രമേ ഇത്തരം മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനാവൂ.