മോഹൻലാലിനൊപ്പം രണ്ട് കാലത്തെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് നടൻ ബിനു പപ്പു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലേതാണ് ആദ്യ ചിത്രം. 1994 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പിൻഗാമി സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിന് അരികിൽ ആരാധനയോടെ നിൽക്കുന്നതാണ് രണ്ടാമത്തേത്. അച്ഛനും നടനുമായ കുതിരവട്ടം പപ്പുവിനൊപ്പം ലൊക്കേഷനിൽ പോയപ്പോൾ കൗതുകത്തിൽ പകർത്തിയതാണ് രണ്ടാമത്തെ ചിത്രം. മൂന്നു പതിറ്റാണ്ടുകൾ കടന്നുപോയി. എന്നിട്ടും പുതുമ അവശേഷിക്കുന്നു എന്ന് ചിത്രങ്ങൾക്കൊപ്പം ബിനു പപ്പു കുറിച്ചു. പിൻഗാമി സിനിമയിലെ ക്യാപ്ടൻ വിജയ് മേനോൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ.
തരുൺ മൂർത്തി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ബിനു പപ്പു അവതരിപ്പിക്കുന്നത്.മോഹൻലാലും കുതിരവട്ടം പപ്പു വും ഒരുകാലത്ത് മലയാള സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിച്ച കൂട്ടുകെട്ടായിരുന്നു.മോഹൻലാൽ - പപ്പു കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ബിനു പപ്പുവുമായുള്ള മോഹൻലാലിന്റെ പുതിയ ചിത്രമെന്ന് ആരാധകർ. തൊടുപുഴയിൽ ഷെഡ്യൂൾ ബ്രേക്കായ തരുൺ മൂർത്തി ചിത്രത്തിന് ഇനി പന്ത്രണ്ട് ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബിനു പപ്പു മോഹൻലാൽ ചിത്രം ലൂസിഫറിലും വേഷമിട്ടിട്ടുണ്ട്.