ചെലവിട്ടത് 50 ലക്ഷം
ഇഴയുന്നത് 2018 -19 ലെ പദ്ധതി
നെടുമങ്ങാട്: ഉന്നത നിലവാരമുള്ള പൊതു ശുചിമുറി സമുച്ചയങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന 'ടേക്ക് എ ബ്രേക്ക്" പദ്ധതി അരുവിക്കര ഗ്രാമപഞ്ചായത്തിൽ 'ബ്രേക് ഡൗണിൽ". 2018 - 19 പദ്ധതി വർഷത്തിൽ തുടക്കം കുറിച്ച ശുചിമുറികളുടെയും വിശ്രമ മന്ദിരത്തിന്റെയും നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണ്. മുഖ്യമന്ത്രിയുടെ 12 ഇന കർമ്മ പരിപാടിയുടെ ഭാഗമായി ഒരു പഞ്ചായത്തിൽ കുറഞ്ഞത് രണ്ട് കേന്ദ്രങ്ങളിൽ പൊതു ശുചിമുറി സമുച്ചയങ്ങൾ നിർമ്മിക്കണമെന്ന് നിർദേശമുണ്ടെങ്കിലും അരുവിക്കരയിൽ ഒരെണ്ണമേ അനുവദിച്ചിട്ടുള്ളൂ.
സ്ഥലം കണ്ടെത്തിയത്
തെങ്കാശി അന്തർസംസ്ഥാന പാത കടന്നുപോകുന്ന അഴിക്കോട് ജംഗ്‌ഷനിലാണ് 'ടേക്ക് എ ബ്രേക്കി"ന് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയത്. കിള്ളിയാർ തീരത്തെ പി.ഡബ്ല്യു.ഡി പുറമ്പോക്കിൽ അമ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് കെട്ടിടനിർമ്മാണം. ഫൗണ്ടേഷൻ പണിയാൻ മാത്രം മൂന്ന് വർഷമെടുത്തു. നിലവിലെ ഭരണസമിതി വന്നിട്ട് മൂന്നര വർഷമായെങ്കിലും പണി പുനരാംരംഭിച്ചിട്ടില്ല.
ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ ശുചിത്വ മിഷൻ അലംഭാവം കാട്ടിയെന്നാണ് പഞ്ചായത്തിലെ മരാമത്ത് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ യഥാസമയം ഹാജരാകുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് പിഴവുണ്ടായെന്നാണ് ശുചിത്വമിഷൻ ജില്ലാ ഓഫീസ് വൃത്തങ്ങളുടെ വിശദീകരണം.
തിരിച്ചടി
കരാറുകാരൻ കൈയൊഴിഞ്ഞതും 'ടേക്ക് എ ബ്രേക്കിന്" തിരിച്ചടിയായി. അഞ്ച് വർഷമായി കോൺക്രീറ്റ് പില്ലറുകളിൽ വിശ്രമിക്കുകയാണ് അരുവിക്കരയിലെ ശുചിമുറി സമുച്ചയ നിർമ്മാണം.
പ്രയോജനപ്പെടുത്തി നഗരസഭ
ദേശീയ-സംസ്ഥാന പാതയോരങ്ങൾ, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ് 'ടേക്ക് എ ബ്രേക്കി"ൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്.
കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണ് കോഫി ഷോപ്പോടുകൂടിയ ഈ പദ്ധതി. കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ സഹായത്തോടെ പേ ആൻഡ് യൂസ് മാതൃകയിലാണ് പരിപാലനം നടത്തുന്നത്. അരുവിക്കര പഞ്ചായത്തിനൊപ്പം രണ്ടു കേന്ദ്രങ്ങളിൽ 'ടേക്ക് എ ബ്രേക്ക്" അനുവദിക്കപ്പെട്ട നെടുമങ്ങാട് നഗരസഭ, നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് കൈമാറിയിട്ട് വർഷങ്ങളായി.