malinya-nikshepam

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കല്ലുമലക്കുന്ന് റെയിൽവെ മേൽപാലത്തിന് സമീപം റോഡിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച രണ്ട് വ്യക്തികൾക്കെതിരെ ഗ്രാമപഞ്ചായത്ത് 10000രൂപ പിഴ ചുമത്തി. മാലിന്യ നിക്ഷേപം സ്ഥിരമായതിനെ തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി. മാലിന്യക്കവറുകൾ തുറന്ന് പരിശോധിച്ചതിൽ നരിക്കല്ല് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെയും മറ്റ് വ്യക്തികളുടെ പേരുവിവരങ്ങളടങ്ങുന്ന രേഖകളും കണ്ടെത്തി. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ പ്രദേശത്ത് സി.സി.ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല പറഞ്ഞു. സെക്രട്ടറി എ.ആരിഫുദ്ദീൻ,​ അസി. സെക്രട്ടറി നിഷാദ്.എസ്,​ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഖില. പി.വി,​ വാർഡ് മെമ്പർ ചന്തുരാജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ഫോട്ടോ: കല്ലുമലക്കുന്ന് റെയിൽവെ പാലത്തിന് സമീപം മാലിന്യനിക്ഷേപം ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികലയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.