fv

തിരുവനന്തപുരം: തനിക്ക് നിയമസഭയിൽ സംരക്ഷണം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എന്നാൽ,​ പരാതിയുണ്ടെങ്കിൽ പരസ്യമായി പറയുന്നതല്ല തന്റെ ചേംബറിൽ അറിയിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എം.വിൻസെന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിൽ പ്രസംഗത്തിനിടെയായിരുന്നു വാക്പോര്.

പ്രമേയാവതരണത്തിനിടെ ഭരണപക്ഷബെഞ്ചുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. ട്രഷറി ബെഞ്ചിൽ നിന്നുള്ള കമന്റുകൾ തുടർച്ചയായി വന്നതിൽ പ്രകോപിതനായ പ്രതിപക്ഷനേതാവ് സംസാരത്തിനിടെ മേശപ്പുറത്തടിച്ച് പ്രതിഷേധിച്ചു. ഇതോടെ സ്പീക്കർ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി.

പിന്നീട് പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിൽ ഇടപെടാൻ രാജേഷടക്കമുള്ള മന്ത്രിമാർ എഴുന്നേറ്റു. പ്രസംഗം പലതവണ തടസപ്പെട്ടു. തുടർന്ന് സഭ നിശബ്ദമായാൽ മാത്രമേ താൻ പ്രസംഗിക്കുകയുള്ളുവെന്ന് സതീശൻ നിലപാടെടുത്തു. ആര് ചെയറിൽ ഇരുന്നാലും പൂർണ നിശബ്ദത പ്രതീക്ഷിക്കേണ്ടെന്ന് സ്പീക്കർ പറഞ്ഞപ്പോൾ,​ നിശബ്ദരാക്കാൻ താങ്കൾക്ക് കഴിയുന്നില്ലെന്ന് സതീശൻ പരിഹസിച്ചു. പ്രതിപക്ഷനേതാവിന്റെ വാസ്തവവിരുദ്ധ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്നും സഭയ്ക്കകത്തും പുറത്തും അദ്ദേഹം സ്പീക്കറെ ഭീഷണിപ്പെടുത്തുകയാണെന്നും പാർലമെന്ററികാര്യ മന്ത്രികൂടിയായ എം.ബി.രാജേഷ് ആരോപിച്ചു.