rahul-gandhi

കുട്ടികളും കുട്ടിത്തവുമൊന്നും രാഷ്ട്രതന്ത്രത്തിൽ പറഞ്ഞിട്ടുള്ളതല്ല. എന്നിട്ടും രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയാൻ ഒരു കുട്ടി വേണ്ടിവന്നു. രാഷ്ട്രത്തെ നയിച്ച രാഷ്ട്രപിതാവിനെ ഒരു കുട്ടി നയിക്കുന്ന ചിത്രം കൗതുകകരവും പ്രതീകാത്മകവുമത്രെ. ദണ്ഡിയാത്രയിൽ ഗാന്ധിക്ക് ഊന്നുവടിയായ മുളവടിയുടെ ഒരറ്റത്ത് മുന്നിൽ ഒരു കുട്ടിയും പിന്നിൽ ഗാന്ധിജിയും. തന്നേക്കാൾ ഉയരമുള്ള ഈ മുളവടി ഗാന്ധിജിക്ക് എവിടെനിന്നു കിട്ടി? ഒരിക്കൽ ചരൽക്കുന്നിൽ നടന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വക്യാമ്പിൽ ഈ ചോദ്യം ഞാൻ ചോദിച്ചു (കെ.സി. വേണുഗോപാലായിരുന്നു പ്രസിഡന്റ്). ആർക്കും ഉത്തരമില്ലാതിരുന്നതിൽ അത്ഭുതം തോന്നിയില്ല. മഞ്ചേശ്വരം ഗോവിന്ദപ്പൈ എന്ന ദ്വിഭാഷാ കവിയും സ്വാതന്ത്ര്യസമര ഭടനുമാണ് ഗാന്ധിജിക്ക് ആ മുളവടി സമ്മാനിച്ചത്.

നെഹ്‌റുവിന്റെ കുപ്പായത്തിലെ ചെമ്പനീർപ്പൂവിൽ മാത്രമല്ല, ആ വ്യക്തിത്വത്തിലും കുട്ടികളോടും കുട്ടിത്തത്തോടുമുള്ള തിളക്കം ദർശിക്കാമായിരുന്നു. കവിതയും കുട്ടികളും നെഹ്‌റുവിന്റെ കാല്പനിക മനസിനെ തരളമാക്കിയിരുന്നു. എന്നാൽ,​ ഇന്ദിരാഗാന്ധിയിൽ കുട്ടിക്കാലത്തു പോലും കുട്ടിത്തം കുറവായിരുന്നു. രാഹുലിലേക്കു വരുമ്പോൾ സംഗതി വീണ്ടും മാറുന്നു. ചാണക്യന്മാരുടെയും ശകുനിമാരുടെയും ധൃതരാഷ്ട്രന്മാരുടെയും ദുശ്ശാസന ദുര്യോധനന്മാരുടെയും നടുവിൽ കുട്ടിത്തവും വിഡ്ഢിവേഷവുമൊക്കെ അനുഗ്രഹമാകും!

സോദോം ഗോമോറയിൽ പാപികളെക്കൊണ്ട് നിറഞ്ഞപ്പോൾ ദൈവം ഗന്ധകമഴ പെയ്യിച്ചു. ഒരിക്കൽ പാപികളുടെ ആ നഗരത്തിരക്കിലൂടെ ഒരാൾ ഒരു പ്ളക്കാർഡും ഉയർത്തി നടന്നുപോകുകയാണ്. 'നിങ്ങൾ മാനസാന്തരപ്പെടുവിൻ" എന്നായിരുന്നു അതിലെ എഴുത്ത്. ഇതുകൊണ്ടെന്താണ് പ്രയോജനമെന്ന് ചിലർ ചോദിച്ചു. മറ്റുള്ളവരെ മാനസാന്തരപ്പെടുത്താനായില്ലെങ്കിലും താൻ ഇവരിലൊരാളായി മാറാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ഇതെന്ന് അയാൾ മറുപടി പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരിൽ നർമ്മവും കുട്ടിത്തവും കണ്ണൂർ ശൈലിയിൽ സംഗമിച്ചിരുന്നു. ഗൗരവത്തിൽ പറഞ്ഞാൽ പുലിവാലാകുന്ന കാര്യങ്ങൾ അദ്ദേഹം ഫലിതത്തിൽ ചാലിച്ച് പറയുമായിരുന്നു. ഫലിതത്തിന്റെ ബിഷപ്പായിരുന്ന മാർ ക്രിസോസ്റ്റം തിരുമേനിയിലും ഈ നർമത്തിന്റെയും കുട്ടിത്തത്തിന്റെയും അപൂർവ ചേരുവ കാണാം. പാർലമെന്റിൽ പ്രതിപക്ഷ നേതാവായി സടകുടഞ്ഞെഴുന്നേറ്റ രാഹുലിന്റെ കടന്നാക്രമണത്തെ പ്രധാനമന്ത്രി മോദി 'ബാലബുദ്ധിയുടെ വിലാപം" എന്നാണ് പരിഹസിച്ചത്. ഈ പദങ്ങൾ മറ്റൊരു തലത്തിൽ രാഹുലിന് അണിയിക്കപ്പെട്ട പൂമാലയായും കരുതാം! ബാലത്വം, ബുദ്ധി, വിലാപം- ഇതു മൂന്നും ഒരാൾ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തീക്ഷ്ണ സാക്ഷ്യങ്ങളാണ്. ആജീവനാന്തം കുട്ടിത്തം, കൂർമ്മബുദ്ധി, കരയാനുള്ള ശേഷി ഇതൊക്കെ കൂട്ടിനുണ്ടാകുന്നത് ചെറിയ കാര്യമല്ല.

നെഹ്‌റുവും ഇന്ദിരയും രാജീവും രാഹുലിൽ പ്രവർത്തിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കാം. പാരമ്പര്യമെന്നത് വിലയ്ക്കെടുക്കാനാവാത്ത അനുഗ്രഹമാണ്. രാഹുലിന്റെ ഇടയ്ക്കിടെയുള്ള അജ്ഞാതവാസവും ജനങ്ങൾക്കിടയിലെ ലഹരി ആസ്വദിക്കുന്ന പ്രകൃതവും മോദിയെപ്പോലും നിനച്ചിരിക്കാതെ ആലിംഗനം ചെയ്യുന്ന മനസും നൽകുന്ന സൂചനകൾ പ്രത്യാശാനിർഭരമത്രെ. കരുത്തനോട് ഏറ്റുമുട്ടി വിജയിച്ച്, ആ കരുത്തുകൂടി സ്വായത്തമാക്കാൻ പോന്ന പാടവമാണ് രാഹുലിൽ ഇന്ത്യ ഇന്നു പ്രതീക്ഷിക്കുന്നത്. 'കട്ടയ്ക്ക് കട്ടയ്ക്ക്" നിൽക്കുന്ന ഭരണ പ്രതിപക്ഷങ്ങളാണ് ജനാധിപത്യത്തിൽ ജനഹിത സംരക്ഷണത്തിന് നന്നാവുക. എളുപ്പത്തിൽ കീഴടക്കാവുന്ന ഗരിമയല്ല മോദിക്കുമുള്ളത്!