വർക്കല: വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ നിലവിലെ പോരായ്മകളും അനാസ്ഥയും പരിഹരിച്ച് പ്രവർത്തനം ജനോപകാരപ്രദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 7.3 കോടി രൂപ ചെലവഴിച്ച് പുതിയതായി നിർമ്മിച്ച ബഹുനില കെട്ടിടം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവർത്തനസജ്ജമായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കും ഉള്ള മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, കുട്ടികൾക്കായുള്ള പീഡിയാട്രിക് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവയാണുള്ളത്. കെട്ടിടത്തിൽ രണ്ട് ലിഫ്റ്റുകൾ ഉണ്ടെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്. രോഗികളുടെ ബൈ സ്റ്റാൻഡർമാർക്ക് ഇത് ഉപകാരപ്പെടുന്നില്ല. രാത്രിയും പകലും ലിഫ്റ്റ് പ്രവർത്തിക്കാറില്ല. അത്യാഹിത അവസ്ഥയിലെത്തുന്ന രോഗികൾക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും മാത്രമാണ് ഒരു ലിഫ്റ്റ് നിലവിൽ ഉപയോഗിക്കുന്നത്. പടിക്കെട്ടുകൾ കയറാൻ കഴിയാത്ത വൃദ്ധർക്കും പ്രായമായ കൂട്ടിരിപ്പുകാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ക്യാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാർ വേണം

ഒ.പി വിഭാഗത്തിൽ 1600 ൽ കൂടുതൽ രോഗികളാണ് നിത്യേന എത്തുന്നത്. രാത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ക്യാഷ്വാലിറ്റി വിഭാഗത്തിൽ ഉള്ളത്. ശരാശരി 600 ഓളം രോഗികളാണ് നിത്യേന രാത്രിയിൽ മാത്രം എത്തുന്നത്. അപകടങ്ങൾ സംഭവിച്ച് അത്യാഹിത അവസ്ഥയിൽ രോഗികൾ എത്തുമ്പോൾ പ്രഥമ പരിഗണന അത്തരം രോഗികൾക്ക് നൽകേണ്ടിവരും. ഈ സമയങ്ങളിൽ കാത്തുനിൽക്കേണ്ടിവരുന്ന മറ്റ് രോഗികളുടെ അവസ്ഥ വളരെ ദയനീയമാണ്. കൂടുതൽ ഡോക്ടർമാരുടെ സേവനം ക്യാഷ്വാലിറ്റിയിൽ ലഭ്യമാക്കിയാൽ മാത്രമേ നിലവിലെ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവൂ.