മുടപുരം: അഴൂർ പഞ്ചായത്തിൽ കുളമ്പുരോഗം പടരാതിരിക്കാൻ രോഗം വന്ന പശുക്കൾക്ക് ആന്റീ ബയോട്ടിക്കും,രോഗം വരാതിരിക്കാൻ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു.ഒരാഴ്ച മുൻപാണ് മേഖലയിൽ രോഗം സ്ഥിരീകരിച്ചത്.കറവക്കാരുടെ ജാഗ്രതക്കുറവാണ് രോഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ പറയുന്നു.20 ഓളം പശുക്കൾക്ക് രോഗം പിടിപെട്ടു. ആന്റീ ബയോട്ടിക്കും പ്രതിരോധ കുത്തിവയ്പും മറ്റു മരുന്നുകളും അഴൂർ മൃഗാശുപത്രിയിൽ നിന്ന് സൗജന്യമായാണ് നൽകുന്നതെന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ആറ്റിങ്ങൽ ഓഫീസിലെ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഡോ.അനു,അഴൂർ മൃഗാശുപത്രിയിലെ ഡോ.ആർ.അഭിലാഷ് തുടങ്ങിയവർ കഴിഞ്ഞ ദിവസം രോഗം ബാധിച്ച പശുക്കളുടെ ഭവനങ്ങൾ സന്ദർശിച്ചു.ചികിത്സാനടപടികൾ അടിയന്തരമായി നടത്തിയതിനാൽ രോഗം നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർ പറഞ്ഞു.