തിരുവനന്തപുരം: ''മോഹന്റെ കൈപ്പട നല്ലതാ... ഇത് ഓൻ പകർത്തിയാ മതി..."" സാക്ഷാൽ ബേപ്പൂർ സുൽത്താന്റെ പഴയ ട്രങ്ക് പെട്ടിയിൽ സൂക്ഷിച്ചിരുന്ന കടലാസുകെട്ടുകൾ ഏറ്റുവാങ്ങിയപ്പോൾ മോഹന്റെ കൈവിറച്ചു. പേപ്പറുകൾ മറിച്ചുനോക്കിയപ്പോൾ അതിൽ ഒരു കെട്ട് ഭാർഗവീനിലയത്തിന്റെ തിരക്കഥ!
ഇന്ന് ബഷീറിന്റെ 30-ാം ചരമവാർഷിക ദിനത്തിൽ ഓർമ്മകൾ അയവിറക്കുകയാണ് കൈമനം സ്വദേശി മോഹൻ (67). വർഷങ്ങൾക്ക് മുമ്പ് കറന്റ് ബുക്സ് മാനേജരായി കോഴിക്കോട് ജോലി ചെയ്യുന്ന കാലം. മിക്ക ദിവസങ്ങളിലും ജുബ്ബയും മുണ്ടുമണിഞ്ഞ് കാലൻകുടയുമായി ബഷീറെത്തുമായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന പുനലൂർ രാജനും സാഹിത്യനിരൂപകൻ ഡോ. എം.എം.ബഷീറും അവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു. ഒരുദിവസം എം.എം.ബഷീർ കുറച്ച് പേപ്പറുകളുമായി വന്നു. 'ഇതിൽ കുറേയൊക്കെ കീറിപ്പോയി, വായിക്കാനാവുന്നില്ല, ഹൊറർ പ്രമേയമാക്കിയ ഭാർഗവീനിലയത്തിന്റെ തിരക്കഥയും ഇതിലുണ്ട്. മോഹൻ തന്നെ പകർത്തിയെഴുതണമെന്ന് ബഷീറിന് നിർബന്ധം..." മോഹൻ ഞെട്ടി. തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ തിരക്കഥ പറ്റുന്നത്ര ഭംഗിയായി ഒരാഴ്ചകൊണ്ട് പകർത്തിയെഴുതി. 1964ൽ ഭാർഗവീനിലയം പുസ്തകമായി. തുടർന്ന് സിനിമയും.
മാംഗോസ്റ്റീൻ മരച്ചുവട്ടിൽ
ബേപ്പൂരിലെ ബഷീറിന്റെ വീട്ടിലും മോഹന് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. വീട്ടുമുറ്റത്ത് മാംഗോസ്റ്റീൻ മരച്ചുവട്ടിലിരുന്നായിരുന്നു കുശലാന്വേഷണങ്ങൾ. ബഷീറിന്റെ മിക്ക പുസ്തകങ്ങളും മോഹന് ഒപ്പിട്ട് നൽകിയിട്ടുണ്ട്. എന്നാൽ താൻ പകർത്തിയെഴുതിയ കോപ്പിയുടെ ഫോട്ടോ എടുത്തു സൂക്ഷിക്കാനാവാത്തതിൽ ദുഃഖമുണ്ട്. പ്രേമലേഖനവും ബാല്യകാലസഖിയുമാണ് പ്രിയപ്പെട്ട നോവലുകൾ. പുസ്തകങ്ങളോടുള്ള ഇഷ്ടം കാരണം സ്റ്റാച്യുവിൽ എം.കെ ബുക്സ് എന്ന പേരിൽ സ്വന്തമായി ബുക്ക് സ്റ്റാൾ ആരംഭിച്ചു. ഭാര്യ ലതാമോഹൻ, മക്കൾ മനു, ശ്യാം.