തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയും വിസി നിർണയത്തിനായി കേരളത്തിലെ സർവകലാശാല പ്രതിനിധികളില്ലാതെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ചിൽ സംഘർഷം.ഇന്നലെ ഉച്ചയ്ക്ക് 12ന് യൂണിവേഴ്സിറ്റി കോളേജിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.രാജ്ഭവന് സമീപം പ്രവർത്തകരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്.ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പ്രതിഷേധക്കാരിൽ ഒരു വിഭാഗം ബാരിക്കേഡ് മറിച്ചിട്ടു.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസിന് നാലുപ്രാവശ്യം ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.തുടർന്ന് നടന്ന ധർണ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു.റോഡിലിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ നീക്കാൻ പൊലീസ് ബലം പ്രയോഗിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ റോഡിലിരുന്ന് പ്രതിഷേധിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ,ജോയിന്റ് സെക്രട്ടറിമാരായ അഫ്സൽ,ഹസൻ മുബാറക്,വൈസ് പ്രസിഡന്റ് വി.വിജിത്ര എന്നിവരടക്കം 9പേർ അറസ്റ്റിലായി.ഭാരവാഹികളായ ആദർശ്,നന്ദൻ,ശ്രീജിത്ത് എന്നിവരും മാർച്ചിന് നേതൃത്വം നൽകി.