തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും എം.എ മലയാളം വിദ്യാർത്ഥിയുമായ സാഞ്ചോസിനെ മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി കെ.എസ്.യു. ഇന്നലെ രാവിലെ മാർഇവാനിയോസ് കോളേജിലെ കെ.എസ്.യു യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി. കാര്യവട്ടം ക്യാമ്പസിലെ പുതിയ ബിരുദ ബാച്ചിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടയിലായിരുന്നു സാഞ്ചോസിന് മർദ്ദനമേറ്റത്. ആ സമയം ഒപ്പമുണ്ടായിരുന്ന മാർഇവാനിയോസിലെ വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റുവെന്ന് ആരോപിച്ചായിരുന്നു കോളേജിന് മുന്നിൽ പ്രതിഷേധിച്ചത്. എം.എൽ.എമാരായ എം.വിൻസെന്റ്, ചാണ്ടി ഉമ്മൻ എന്നിവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡിന് മുന്നിലും കെ.എസ്.യുവിന്റെ പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെ പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ആറാലുംമൂട് ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സാഞ്ചോസിന് എസ്.എഫ്.ഐയുടെ മർദ്ദനമേറ്റത്. മെൻസ് ഹോസ്റ്റലിലെ 121-ാം നമ്പർ ഇടിമുറിയിൽ വച്ച് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ആരോപണം. തുടർന്ന് എസ്.എഫ്.ഐക്കാർക്കെതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ ശ്രീകാര്യം സ്റ്രേഷൻ ഉപരോധത്തിലാണ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. ഇന്നലെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷമുണ്ടായി. തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രാവിലെ കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ എസ്.എഫ്.ഐ നശിപ്പിച്ചു. വൈകിട്ട് എസ്.എഫ്.ഐയുടെ കൊടിതോരണങ്ങൾ കെ.എസ്.യുവും നശിപ്പിച്ചു.
അന്വേഷണ കമ്മിറ്റിയെ
നിയോഗിച്ച് വി.സി
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്യാമ്പസിലെ മൂന്ന് അദ്ധ്യാപകരടങ്ങുന്ന കമ്മിറ്റിയെ വി.സി നിയോഗിച്ചു. അതേസമയം, ക്യാമ്പസിൽ ഒരിടത്തുപോലും സി.സി.ടി.വി പ്രവർത്തിക്കുന്നില്ലെന്ന് കെ.എസ്.യു പ്രവർത്തകർ പറയുന്നു. പ്രധാന കവാടത്തിന് മുന്നിൽ രണ്ട് സി.സി.ടി.വി ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. സി.സി.ടി.വി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വി.സിയ്ക്കും രജിസ്ട്രാർക്കും നിവേദനം നൽകി.