തിരുവനന്തപുരം: രാത്രി നഗരത്തിലിറങ്ങണമെങ്കിൽ ഒരു ടോർച്ച് കരുതിക്കോളൂ.അല്ലെങ്കിൽ വലഞ്ഞതു തന്നെ.കാരണം നഗരത്തിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകൾ ഒന്നും പ്രകാശിക്കുന്നില്ല.ഇപ്പം ശരിയാക്കിത്തരാമെന്ന സിനിമാ ഡയലോഗ് പറഞ്ഞാണ് ഭരണസമിതി നഗരവാസികളെ കബിളിപ്പിക്കുന്നത്.പുതിയ വിളക്കുകൾ സ്ഥാപിക്കുന്നത് നിലച്ചപ്പോൾ,കേടായവ അറ്റകുറ്റപ്പണികൾ നടത്തി.എന്നാൽ ആറുമാസം തികയും മുൻപേ മിക്ക വാർഡുകളിലെയും മുക്കാലോളം തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി.ഈ സാമ്പത്തിക വർഷം പദ്ധതിക്ക് നീക്കിവച്ച തുക പൂർണമായി വിനിയോഗിച്ചെങ്കിലും തെരുവ് വിളക്കുകളെന്ന് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർക്കും ഉറപ്പില്ല.കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും അല്ലാതെ വ്യക്തിപരമായി ഭരണപക്ഷ അംഗങ്ങളും ഈ പ്രശ്നം ഉന്നയിച്ചിട്ടും ഭരണസമിതി അനങ്ങുന്നില്ല.മേയറുടെ വാർഡിൽ പോലും പലയിടങ്ങളിൽ തെരുവ് വിളക്ക് കത്തുന്നില്ല.
തെരുവ് നായ്ക്കളും ഇഴജന്തുക്കളും
ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതി. സന്ധ്യയായാൽ തെരുവ് നായ്ക്കളും ഇഴജന്തുക്കളും റോഡ് കൈയടക്കും.കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.വർഷം തോറും ലക്ഷങ്ങളാണ് തെരുവ് വിളക്കുകളുടെ പരിപാലനത്തിന് നഗരസഭ ചെലവഴിക്കുന്നത്.ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഇതിനു കഴിയാത്ത വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുമാണ് ഓരോ വർഷവും കരാർ നൽകുന്നത്.
കത്തില്ല; കത്തിക്കാൻ ഉദ്ദേശ്യമില്ല
നഗരത്തിന്റെ ഹൃദയഭാഗത്തെ പല സ്ഥലങ്ങളും ഇരുട്ടിലാണ്.വിമാനത്താവളം റോഡിൽ ചാക്ക മുതൽ ജനറൽ ആശുപത്രി വരെയുള്ള സ്ഥലത്ത് ഒരു തെരുവ് വിളക്ക് പോലും കത്തുന്നില്ല.കേരള റോഡ് ഫണ്ടിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്.ഇതുകൂടാതെ ശംഖുംമുഖത്തേയ്ക്കുള്ള വഴിയിലും കോവളത്തേയ്ക്കുള്ള വഴിയിലും ഒരു തെരുവ് വിളക്ക് പോലും കത്തുന്നില്ല.അതീവ സുരക്ഷാ മേഖലയായ നിയമസഭ പരിസരം,സെക്രട്ടേറിയറ്റ്,പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലും വെളിച്ചമെന്നത് വെറും വാക്ക് മാത്രം.സ്ത്രീ സുരക്ഷയിൽ മുൻ നിരയിലാണ് നഗരമെന്ന് മേയറുൾപ്പെടെ വാദിക്കുമ്പോൾ അടിസ്ഥാന സൗകര്യമായ തെരുവ് വിളക്ക് കത്തിക്കാൻ പോലും ഭരണസമിതിക്കാവുന്നില്ല. വഞ്ചിയൂർ,ചാക്ക,മ്യൂസിയം,നന്തൻകോട്,പാളയം,പൗണ്ട്കടവ്,തൈക്കാട്,ഉള്ളൂർ,മെഡിക്കൽ കോളേജ്,പേട്ട,പുഞ്ചക്കരി,കരമന,നേമം,നെടുങ്കാട്,തൃകണ്ണാപുരം എന്നിവിടങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ല.
പാളിപ്പോയോ പുത്തൻ പദ്ധതി
തെരുവ് വിളക്കുകളെല്ലാം എൽ.ഇ.ഡിയിലേക്ക് മാറ്റുന്നതിനുപുറമേ 10 വർഷത്തേയ്ക്കുള്ള പരിപാലനവും കരാറിൽ ഉൾപ്പെടുന്ന പദ്ധതി പാതിവഴിയിലാണ്.തുടക്കത്തിൽ ക്വാട്ട് ചെയ്ത തുക 10 വർഷം വരെ നിലനിൽക്കുമെന്നാണ് കരാർ.നഗരസഭയിലെ 100 വാർഡുകളെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റും.പുതിയതായി സ്ഥാപിക്കുന്നവയാണ് എൽ.ഇ.ഡിയിലേക്ക് മാറ്റുന്നത്.നിലവിൽ 12 കോടിയോളം രൂപയാണ് നഗരസഭ വൈദ്യുതിക്കായി ചെലവഴിക്കുന്നത്.ഈ പദ്ധതി പ്രാവർത്തികമായാൽ നഗരത്തിന്റെ ഇരുട്ടകലും.