teacher

പഴയ കാലത്ത് സ്‌കൂളിൽ നിന്ന് അദ്ധ്യാപകന്റെ ചൂരലടി കിട്ടിയാൽ അക്കാര്യം ആരും വീട്ടിൽ പറയാറില്ല, കാരണം അതു പറഞ്ഞാൽ വീട്ടിൽ നിന്നുകൂടി അടി കിട്ടും. ഏതെങ്കിലും കുരുത്തക്കേട് കാണിച്ചതിനോ അല്ലെങ്കിൽ പഠിക്കണമെന്നു നിർദ്ദേശിച്ച പാഠഭാഗം പഠിക്കാതെ വന്നതിനോ ഗൃഹപാഠം ചെയ്യാതെ ചെന്നതിനോ മറ്റോ ആയിരിക്കും അടി കിട്ടുക. ഒരു തവണയെങ്കിലും സാറന്മാരുടെ അടി കിട്ടാതെ സ്‌കൂൾകാലം പിന്നിട്ടവർ പഴയ തലമുറയിൽ വിരളമായിരിക്കും. സ്‌കൂൾ വിട്ട് ജീവിതോപാധികൾ തേടി പല വഴിക്കു പിരിഞ്ഞാലും എവിടെയെങ്കിലും വച്ച് പണ്ട് തന്നെ ശിക്ഷിച്ച അദ്ധ്യാപകനെ കാണുകയാണെങ്കിൽ ആ തലമുറയിൽപ്പെട്ടവർ ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാവും സംസാരിക്കുക. ആ സാറിന്റെ ശിക്ഷകൾ തന്നെ രക്ഷിക്കാനേ ഉതകിയിട്ടുള്ളൂ എന്ന തോന്നലിൽ നിന്നാണ് ഈ സ്നേഹബഹുമാനങ്ങൾ ഉടലെടുക്കുന്നത്. പഴയ കാലത്ത് താൻ ശിക്ഷിച്ച വികൃതിയായ പയ്യൻ ഇന്ന് നല്ല നിലയിൽ എത്തിയതിന്റെ അഭിമാനപൂർവമായ ചാരിതാർത്ഥ്യം അദ്ധ്യാപകനും പ്രകടിപ്പിക്കും.

ഒരുപക്ഷേ ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം ആ കാലമൊക്കെ പോയി മറഞ്ഞിരിക്കുകയാണ്. ഇന്നത്തെ കാലത്ത് സ്‌കൂളിൽ ചൂരൽ കൊണ്ടുവരുന്ന അദ്ധ്യാപകരേ ഇല്ലെന്നു പറയാം. പ്രായം കുറഞ്ഞ കുട്ടികളെ നുള്ളുകയോ അടിക്കുകയോ മറ്റോ ചെയ്താൽ അതിന്റെ പേരിൽ അദ്ധ്യാപകനെ മറ്റ് ഗുരുതരമായ കേസുകളിൽ കുടുക്കാനുള്ള ആരോപണങ്ങൾ ഉന്നയിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ചില രക്ഷിതാക്കൾ മടിക്കില്ല. അതിനാൽ അടിച്ചു പഠിപ്പിക്കാനൊന്നും തയ്യാറാകാത്ത സുരക്ഷിത അകലത്തിലേക്ക് അദ്ധ്യാപകരും മാറിനിന്നു. കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ഊഷ്‌മളമായ ബന്ധത്തിൽ ഇത് ഒരു അകൽച്ച സൃഷ്ടിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. കാലം മാറുമ്പോൾ വിദ്യാർത്ഥി സമൂഹവും അദ്ധ്യാപക സമൂഹവും മാറുന്നത് സ്വാഭാവികമാണ്. അതേസമയം എന്തിന്റെ പേരിലായാലും ക്രൂരമായി വിദ്യാർത്ഥിയെ അടിക്കാൻ അദ്ധ്യാപകന് അവകാശമില്ല. ഉത്തരേന്ത്യയിൽ നിന്നും മറ്റുമുള്ള ഇത്തരം വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറാറുണ്ട്. ഇങ്ങനെ ശിക്ഷിക്കുന്ന അദ്ധ്യാപകനെ ക്രിമിനലായിത്തന്നെ കണ്ട് ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതുമാണ്.

ഇക്കാര്യങ്ങളിലേക്കൊക്കെ വെളിച്ചം വീശുന്ന ഒരു വിധിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായത്. കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകൻ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്നാണ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കിയത്. ക്ളാസ് പരീക്ഷയിൽ മാർക്കു കുറഞ്ഞതിന് എറണാകുളം കോടനാട് തോട്ടുവ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെ ഇംഗ്ളീഷ് അദ്ധ്യാപകൻ തല്ലിയെന്ന കേസ് പരിഗണിക്കുകയായിരുന്ന കോടതി,​ മേൽപ്പറഞ്ഞ നിരീക്ഷത്തോടെ അദ്ധ്യാപകനെതിരായ നടപടികൾ റദ്ദാക്കി. അദ്ധ്യാപകൻ ദുരുദ്ദേശ്യത്തോടെയാണ് കുട്ടിയെ ശിക്ഷിച്ചതെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നുമില്ല. ബാലനീതി നിയമത്തിലെ 82-ാം വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324-ാം വകുപ്പിന്റെയും പരിധിയിൽ ഇതു വരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നടന്നുവരുന്നതിനിടെ ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകനാണ് ഹൈക്കോടതിയെ സമീപിച്ചത്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ വിദ്യാർത്ഥിയെ അടിച്ചാൽ അദ്ധ്യാപകൻ ജയിലിൽ കിടക്കേണ്ടിവരും. അവിടത്തെ സാഹചര്യമല്ല ഇവിടെ നിലനിൽക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കേസും വഴക്കുമൊക്കെയാകുന്നത് മനുഷ്യബന്ധങ്ങളിൽ വന്ന അകൽച്ച കൂടിയാണ് സൂചിപ്പിക്കുന്നത്. പ്രിൻസിപ്പലിന്റെ കാലു വെട്ടുമെന്നു പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ജീർണത വിദ്യാർത്ഥി സമൂഹത്തെയും ബാധിച്ചിരിക്കുന്നു. അക്രമവാസനകളെ പരിപോഷിപ്പിക്കാനുള്ള ഇടമായല്ല വിദ്യാലയങ്ങളെ കാണേണ്ടത്. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവിലൊന്നാണ് പലർക്കും കലാലയ കാലം. അനാവശ്യമായ അക്രമവാസന കാണിച്ച് ആ നല്ല കാലം നശിപ്പിക്കാതിരിക്കാനുള്ള വിവേകം വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും പുലർത്തേണ്ടതുണ്ട്.