വിഴിഞ്ഞം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ (വീരചക്രം) ഓർമ്മകൾക്ക് നാളെ കാൽ നൂറ്റാണ്ട്. 17-ാം വയസിൽ എയർഫോഴ്‌സിൽ ജോലി നേടി. ഏഴ് വർഷം എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ശേഷം ജെറി ഇന്ത്യൻ മിലിറ്ററിയിൽ ഓഫീസറായി. മീററ്റിൽ ആദ്യ പോസ്‌റ്റിംഗ്.വിവാഹ അവധിക്ക് നാട്ടിലെത്തിയ ജെറിയുടെ മധുവിധു നാളുകളിലാണ് തിരികെ അടിയന്തരമായി ഡ്യൂട്ടിയിൽ പ്രവേശിക്കാനുള്ള നിർദേശം ലഭിക്കുന്നത്.തുടർന്ന് കാർഗിൽ മഞ്ഞുമടക്കിലെ യുദ്ധഭൂമിയിലേക്ക്. ശേഷം ഓപ്പറേഷൻ വിജയ് എന്ന യൂണിറ്റിൽ.1999 ജൂലായ് 6ന് രാത്രി, ദ്രാസ് സെക്ടറിലെ പോയിന്റ് 4875 (ഗൺ ഹിൽ) ഏരിയായിലെ ഇരട്ട ബമ്പുകൾക്ക് നേരെ ആക്രമണം നടത്തുമ്പോൾ ഫോർവേഡ് ഒബ്സർവേഷൻ പോസ്റ്റ് ഓഫീസറായിരുന്നു. ശത്രു വെടിവയ്പ്പിൽ അദ്ദേഹത്തിന് പരിക്കേറ്റു. എന്നിട്ടും ശക്തമായി പൊരുതി.
ക്യാപ്ടന്റെ ഓർമ്മദിനമായ നാളെ സ്‌മൃതി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടക്കും.രാവിലെ 8ന് വെങ്ങാനൂർ രാമകൃഷ്ണൻ നായർ പുഷ്പചക്രം അർപ്പിക്കും.8.30ന് മന്ത്രി വി.ശിവൻകുട്ടി പുഷ്പാർച്ചന നടത്തും.വി.എം.സുധീരൻ,പാങ്ങോട് സ്റ്റേഷൻ മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ.എം.പി എന്നിവർ പുഷ്പചക്രം സമർപ്പിക്കും.ലെഫ്.കേണൽ എ.ജി.അരുൺ സത്യൻ,ബ്രിഗേഡിയർ ആനന്ദ് കുമാർ,കേണൽ ഭൂഷൺ കുഞ്ചേരിയ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പാങ്ങോട് മിലിറ്ററി ബാൻഡിന്റെ റിട്രീറ്റ്,എൻ.സി.സി കേഡറ്റുമാരുടെ പരേഡ് എന്നിവ നടക്കും.11ന് നടക്കുന്ന പ്രാർത്ഥനായോഗത്തിൽ കെ.പി.മോഹൻദാസ് വിശിഷ്ടാതിഥിയാകും. സത്യദാസ് അദ്ധ്യക്ഷത വഹിക്കും.