തൊഴിൽ തേടുന്ന അഭ്യസ്തവിദ്യരോടൊപ്പമാണ് സർക്കാർ എപ്പോഴുമെന്നും പി.എസ്.സി വഴി പരമാവധി പേർക്ക് ഉദ്യോഗം നൽകുന്നുണ്ടെന്നുമാണ് അവകാശവാദം. എന്നാൽ അനുഭവം മറിച്ചാണെന്ന് സുദീർഘമായ റാങ്ക് ലിസ്റ്റുകൾ വിളിച്ചുപറയുന്നു. റാങ്ക് ലിസ്റ്റുകൾ സജീവമായി നിൽക്കുമ്പോഴും അവ മറികടന്ന് താത്കാലികക്കാരെ കൂട്ടത്തോടെ നിയമിക്കുന്ന പ്രവണതയ്ക്ക് ഒരു കുറവുമില്ല. ഇത്തരത്തിൽ നടക്കുന്ന താത്കാലിക നിയമനങ്ങളുടെ സ്വഭാവം എന്തെന്നും മുഖ്യ പരിഗണന എന്താണെന്നും എല്ലാവർക്കും അറിയാം. സ്വജനങ്ങളെയും ആശ്രിതരെയും പാർട്ടി കൂറുള്ളവരെയും പിൻവാതിലിലൂടെ ഉദ്യോഗത്തിൽ കയറ്റിവിടാൻ താത്കാലിക നിയമനങ്ങൾ സഹായിക്കും. റാങ്ക് പട്ടികയിലുള്ള അഭ്യസ്തവിദ്യർ സംഘടിച്ച് സമരം നടത്തിയാൽപ്പോലും ഫലമൊന്നുമുണ്ടാകാറില്ല. പി.എസ്.സി നിയമനങ്ങൾ ആസൂത്രിതമായി അട്ടിമറിക്കാൻ പ്രത്യേക ലോബികൾ തന്നെ പ്രവർത്തിക്കുന്നു.
സ്കൂളുകളിൽ ഇംഗ്ളീഷ് പഠിപ്പിക്കാൻ നിശ്ചിത യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പല സ്കൂളുകളിലും ഇംഗ്ളീഷ് വിഷയത്തിൽ ക്ളാസെടുക്കുന്നത് മറ്റു വിഷയങ്ങൾ പഠിച്ചവരാണ്. നാട്ടിൽ ഇംഗ്ളീഷ് വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇല്ലാത്തതുകൊണ്ടല്ല ഇത്. വർഷങ്ങളായി ദിവസ വേതനത്തിൽ അദ്ധ്യാപകരെ നിയമിച്ച് ബാദ്ധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. യോഗ്യത സമ്പാദിച്ച് മത്സര പരീക്ഷയിൽ ജയിച്ച് റാങ്ക് പട്ടികയിൽ ഇടം നേടി ഉദ്യോഗം കാത്തിരിക്കുന്ന ഇംഗ്ളീഷ് അദ്ധ്യാപകരുടെ ഭാവിയാണ് ഇതുവഴി ഇരുളിലാകുന്നത്. ഈ രംഗത്ത് സ്വകാര്യ സ്കൂളുകളെക്കാൾ സർക്കാർ സ്കൂളുകളാണ് മുന്നിൽ. നാനൂറിലധികം സർക്കാർ സ്കൂളുകളിൽ പേരിനുപോലും ഇംഗ്ളീഷ് അദ്ധ്യാപകരില്ലെന്നാണ് വിവരം. ഇംഗ്ളീഷ് ബിരുദവും ഇംഗ്ളീഷിൽത്തന്നെ ബി.എഡും പാസായ ആയിരക്കണക്കിനു പേർ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് കുട്ടികളെ ഇംഗ്ളീഷ് പഠിപ്പിക്കാൻ ദിവസവേതനക്കാർ മതിയെന്ന സർക്കാർ തീരുമാനം!
ഇംഗ്ളീഷ് ബിരുദക്കാർ പലകുറി ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചിട്ടും സർക്കാരിന്റെ കണ്ണു തുറന്നിട്ടില്ല. ഇക്കഴിഞ്ഞ മന്ത്രിസഭായോഗവും സ്കൂളുകളിൽ ഇംഗ്ളീഷ് പഠിപ്പിക്കാൻ താത്കാലികക്കാർ മതിയെന്നാണ് തീരുമാനമെടുത്തത്. മൂന്നുവർഷം മുന്നേതന്നെ ഹൈക്കോടതി പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇംഗ്ളീഷ് ബി.എഡുകാരെത്തന്നെ നിയമിച്ചുകൊള്ളാമെന്ന സർക്കാരിന്റെ ഉറപ്പിന്മേലാണ് 2021-ൽ ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. പതിവുപോലെ ഉറപ്പ് സർക്കാർ ലംഘിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ കോടതി വീണ്ടും ഇടപെട്ടു. കോടതിയലക്ഷ്യം പേടിച്ച് സർക്കാർ ഉറപ്പുകൾ ആവർത്തിച്ചു. നാലാഴ്ചയ്ക്കകം വിധി നടപ്പാക്കണമെന്നായിരുന്നു കോടതിയുടെ പുതിയ ഉത്തരവ്. ആ ഉത്തരവാണ് ഒരു ഉളുപ്പുമില്ലാതെ സർക്കാർ ഇപ്പോൾ ലംഘിച്ചിരിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭാഷാവിഷയങ്ങൾക്ക് അതത് വിഷയത്തിൽ യോഗ്യതയുള്ളവർ തന്നെ വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. സർക്കാർ തന്നെ ഉണ്ടാക്കിയ ചട്ടങ്ങൾ സർക്കാർ തന്നെ ലംഘിക്കുന്ന നിർഭാഗ്യകരമായ കാഴ്ചയാണിവിടെ. യോഗ്യതയുള്ള ആയിരക്കണക്കിനുപേർ പുറത്ത് കാത്തിരിക്കുമ്പോൾ ഇംഗ്ളീഷ് അദ്ധ്യാപകരായി ദിവസവേതനക്കാർ മതിയെന്നു തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗത്തെ പ്രേരിപ്പിച്ചതെന്താണെന്ന് നിശ്ചയമില്ല. പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം ഉയർത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോഴാണ് ഇംഗ്ളീഷ് അദ്ധ്യയനം ഏതു വഴിക്കായാലും കുഴപ്പമില്ലെന്ന മനോഭാവം. ഇംഗ്ളീഷിൽ നാലു വാചകം സ്വന്തമായി എഴുതാൻ അറിയാത്തവരാണ് പൊതുവിദ്യാലയങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ സർക്കാരിന്റെ തലതിരിഞ്ഞ സമീപനം എങ്ങനെ അംഗീകരിക്കാനാകും? യോഗ്യരായ യുവതീയുവാക്കൾക്ക് നിയമനം നൽകുന്നതു മാത്രമല്ല ഇവിടെ വിഷയം. യോഗ്യരായവർ തന്നെ ഇംഗ്ളീഷ് ക്ളാസുകൾ കൈകാര്യം ചെയ്യേണ്ടത്, കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാജ്ഞാനം വളർത്താനും അത്യാവശ്യമാണ്.