തിരുവനന്തപുരം: ഇ ഹെൽത്ത് പോർട്ടൽ മുഖേന ഓൺലൈനായി ടോക്കൺ(അപ്പോയിൻമെന്റ് സ്ലിപ്പ്) എടുത്തിട്ടും ഒ.പി ടിക്കറ്റിനായി ജനറൽ ആശുപത്രിയിൽ മണിക്കൂറുകളോളം ക്യൂ നിന്ന് വലഞ്ഞ് രോഗികൾ.'വരി നിൽക്കാതെ ഡോക്ടറെ കാണാം' എന്നതായിരുന്നു ഇ ഹെൽത്ത് പോർട്ടലിന്റെ ലക്ഷ്യം.എന്നാൽ ഓൺലൈൻ ടോക്കൺ എടുത്താലും ആശുപത്രിയിലെ ഒ.പി കൗണ്ടറിൽ നിന്ന് ഒ.പി ടിക്കറ്റ് എടുത്താലേ ആശുപത്രിക്കകത്ത് കടക്കാനാവൂ. ഓൺലൈൻ സ്ലിപ്പ് എടുത്തവർക്കും അല്ലാത്തവർക്കും രണ്ട് പ്രത്യേകം ക്യൂവാണുള്ളത്. പനിക്കാലമായതോടെ രണ്ടിലും വലിയ തിരക്കാണ്.

ദിവസേന ആയിരത്തിലേറെ പേരാണ് ആശുപത്രിയിലെത്തുന്നത്. പ്രായമായവരും വിവിധ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ക്യൂവിൽ നിന്ന് ഡോക്ടറെ കാണുമ്പോൾ ഉച്ച കഴിയും. ആഹാരം പോലും കഴിക്കാതെയാണ് പലരുമെത്തുന്നത്. ചിലർ തളർന്ന് വീഴും. ദൂരെ സ്ഥലങ്ങളി​ൽ നി​ന്നെത്തുന്നവർ പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ട അവസ്ഥയാണ്. ഓൺലൈനായി ഒ.പി ടിക്കറ്റ് കൂടി നൽകിയിരുന്നെങ്കിൽ ക്യൂ ഒഴിവാക്കാമെന്നാണ് രോഗികൾ പറയുന്നത്. ജീവനക്കാർക്കും ഓൺലൈൻ സേവനത്തെപ്പറ്റി ശരിയായ ധാരണയില്ലെന്നും ആരോപണമുണ്ട്. നിലവിൽ രണ്ട് ജീവനക്കാരാണ് കൗണ്ടറിലുള്ളത്. ജീവനക്കാരുടെയും കൗണ്ടറുകളുടെയും എണ്ണം കുറവായതും പ്രശ്നം ഇരട്ടിപ്പിക്കുന്നു.

പാഴാക്കുന്ന സ്ഥലം

കൂടുതൽ രോഗികൾ എത്തുമ്പോഴും ആശുപത്രി വളപ്പിൽ കോടികൾ മുടക്കി പണിത അത്യാധുനിക മെഡിക്കൽ കോളേജ് കെട്ടിടം ഇതുവരെ തുറന്നിട്ടില്ല. 2016ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാർ ആരോഗ്യമന്ത്രിയുമായിരുന്നപ്പോൾ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ സർക്കാർ മാറിയതോടെ പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങി. 1,38,000 ചതുരശ്രയടിയിൽ 190.54 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. 1000ലേറെ പേർ പ്രതിദിനം ഒ.പിയെടുക്കുന്ന മെഡിക്കൽ കോളേജിലെ ചില വിഭാഗങ്ങളിലെയെങ്കിലും ചികിത്സ ഇങ്ങോട്ടേക്ക് മാറ്റണമെന്നും ആവശ്യം ഉയർന്നിരുന്നു.

രാത്രി ഡോക്ടറില്ല

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിലാണ് അടുത്തിടെ ജനറൽ ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങിയത്. എന്നാൽ രാത്രി 8 വരെ മാത്രമാണ് ഇവിടെ ഡോക്ടറുള്ളത്. രാത്രിയിലെത്തുന്ന പനി ബാധിതർ കാഷ്യാലിറ്റിയിൽ കാണിക്കേണ്ട സ്ഥിതിയാണ്.

ഇ ഹെൽത്ത്

ആരംഭിച്ചത് - 2016

ലക്ഷ്യം - ആരോഗ്യരംഗത്തെ സേവനങ്ങൾ ഡിജിറ്റലാക്കുക

സംസ്ഥാനത്ത് 600ലേറെ ആശുപത്രികളിലും ജില്ലയിൽ 106 ആശുപത്രികളിലും സേവനമുണ്ട്

ഇ ഹെൽത്ത് പോർട്ടലിൽ പേരും വയസും അടക്കമുള്ള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.അപ്പോൾ ഒരു യുണീക്ക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും. ഇതുവഴി ലോഗിൻ ചെയ്ത് ആശുപത്രിയുടെ പേരും തീയതിയും തിരഞ്ഞെടുത്ത് അപ്പോയിൻമെന്റ് എടുക്കാം.