തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർമ്മിക്കാനും വിൽപ്പന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണദിനത്തിൽ ക്ഷേത്രത്തിനുവേണ്ടി 12 വില്ലുകൾ നിർമ്മിച്ച് സമർപ്പിക്കുന്നത് തുടർന്നും കരമന മേലാറന്നൂർ വിളയിൽ കുടുംബമായിരിക്കും. വില്ല് നിർമ്മിക്കുന്നതിനോ വിൽക്കുന്നതിനോ ഇവർക്ക് അധികാരമുണ്ടാവില്ല. എന്നാൽ, ഇതിനെതിരെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.
മേലാറന്നൂർ വിളയിൽ കുടുംബം പന്ത്രണ്ട് ഓണവില്ല് തിരുവോണദിവസം പുലർച്ചെ അഞ്ചരയ്ക്ക് ക്ഷേത്രത്തിലെ കൊടിമരത്തിന് ചുവട്ടിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. ദശാവതാരം , അനന്തശയനം, ശ്രീരാമ പട്ടാഭിഷേകം, കൃഷ്ണലീല , ശാസ്ത, വിനായക എന്നിവയാണ് ഈ വില്ലുകൾ. ഓരോന്നിന്റെയും രണ്ട് വീതം പന്ത്രണ്ടെണ്ണമാണ് സമർപ്പിക്കുന്നത്.
ഓണത്തിനുശേഷം ഈ വില്ലുകൾ തിരുവിതാംകൂർ കൊട്ടാരത്തിന് കൈമാറും.
ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ അപേക്ഷ സമർപ്പിച്ചത് അഡ്വ.ബിന്ദു ശങ്കരപ്പിള്ളയാണ്.
`ശ്രീപത്മനാഭസ്വാമി ടെമ്പിൾ ഓണവില്ലിനാണ് ക്ഷേത്രത്തിന് ട്രേഡ് മാർക്ക് ലഭിച്ചിട്ടുള്ളത്. ഓണവില്ല് കുടുംബത്തിന് 'ഓണവില്ല് ' എന്ന പേരിൽ 2031 വരെ ട്രേഡ് മാർക്ക് ലഭിച്ചിട്ടുണ്ട്. ക്ഷേത്ര നടപടിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.'
-ബിൻകുമാർ ആചാരി,
കരമന മേലാറന്നൂർ
വിളയിൽ കുടുംബം
ഓണവില്ലും
ഐതിഹ്യവും
ക്ഷേത്രസ്ഥപതി സ്ഥാനീയരും ആസ്ഥാന വാസ്തുശിൽപികളുമായിരുന്നു വില്ല് നിർമ്മിക്കുന്ന കുടുംബക്കാർ.1731ൽ മാർത്താണ്ഡവർമ്മ ക്ഷേത്രം പുതുക്കി പണിതപ്പോൾ വിളയിൽ വീട്ടിലെ അനന്തപത്മനാഭൻ മൂത്താചാരി ആയിരുന്നു ക്ഷേത്രസ്ഥപതി. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് വില്ല് സമർപ്പിച്ചുവരുന്നത്.
വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും ഉപകഥകളും കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചത്രേ. വിഷ്ണു വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി. വിശ്വകർമ്മാവ് ആദ്യ ഓണവില്ല് രചന നടത്തിയെന്നാണ് ഐതിഹ്യം. തന്റെ സന്നിധിയിൽ എല്ലാ വർഷവുമെത്തുന്ന മഹാബലിക്ക് വിശ്വകർമ്മജരെക്കൊണ്ട് അവതാരചിത്രങ്ങൾ വരച്ച് കാണിച്ചു നൽകാമെന്നും വാക്ക് നൽകി.
കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളത്തിലാണ് നിർമ്മാണം.പ്രകൃതിദത്ത ചായക്കൂട്ടുകൾ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്.