വർക്കല: പുന്നമൂട് സന്മാർഗപ്രദായിനി റീഡിംഗ് റും ആൻഡ് ലൈബ്രറി പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ. 1950 ലാണ് ലൈബ്രറി സ്ഥാപിതമായത്. വെട്ടുകുളത്തിൽ നിന്നും അന്നത്തെ ഗ്രന്ഥശാലാ പ്രവർത്തകർ തലച്ചുമടായിക്കൊണ്ടുവന്ന മണ്ണുകൊണ്ട് ഒരു സെന്റ് പുരയിടത്തിൽ പണിത കെട്ടിടത്തിലായിരുന്നു തുടക്കം. ഇന്ന് കേരളത്തിലെ മികവുറ്റ ഗ്രന്ഥശാലകളിലൊന്നാണ്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക ഉത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4.30ന് പുന്നമൂട് എൻ.എസ്.എസ് കരയോഗം (തെക്ക്) ഹാളിൽ നടക്കുന്ന ചടങ്ങ് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് സി.വി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യബോധവത്കരണക്ലാസുകൾ, സംവാദങ്ങൾ, കുടുംബശ്രീ സംഗമം, ഓണാഘോഷം, മുനിസിപ്പൽ തല ക്വിസ് മത്സരം, മെഡിക്കൽ ക്യാമ്പ്, ബാലവേദി ക്യാമ്പ്, സാംസ്കാരിക സമ്മേളനം എന്നിവയോടെയാണ് ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുളളത്.