കിളിമാനൂർ: ഇത്തവണത്തെ ഓണസദ്യയ്ക്ക് വിളമ്പുന്ന വറ്റലുകൾക്കും ശർക്കര വരട്ടിക്കുമുള്ള വാഴയ്ക്കാകൾ തമിഴ്നാട്ടിൽ പാകമാകുന്നു. ഓണം അടുക്കുന്നതോടെ വറ്റലുകൾക്കായി നാടൻ കായ്കൾക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും ഇവ കിട്ടാനില്ല. ആകെയുള്ളത് നമ്മുടെ അയൽ സംസ്ഥാനത്തെ പാടങ്ങളിൽ കായ്ച വാഴക്കുലകൾ മാത്രമാണ്. ശക്തമായ ചൂടിൽ കരിഞ്ഞുണങ്ങിയവയും പിന്നീടുവന്ന മഴയിൽ ഒടിഞ്ഞുവീണതും കഴിഞ്ഞാൽ കേരളത്തിലെ കർഷകർക്ക് വാഴകളൊന്നും മിച്ചമില്ല. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണനസാദ്ധ്യതയും നഷ്ടമായി. കച്ചവടക്കാരൻ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ.

 വരവ് ഏത്തക്കുലയ്ക്ക് (കിലോ)​ ....... 50 രൂപ

 ഹോൾസെയിൽ വില (കിലോ)​............ 30 രൂപ

 ചിപ്സ്(കിലോ)​..... 450 രൂപ

 പ്രതിസന്ധിയിൽ കർഷകർ

ജില്ലയിൽ ചിറയിൻകീഴ്, കിളിമാനൂർ, നെടുമങ്ങാട്, കല്ലറ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. വളത്തിന് ഉണ്ടായ അമിത വില വർദ്ധനവും ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയർന്നു.

 5 രൂപ വരെ ഇലകൾക്ക് ലഭിച്ചിരുന്നു. ഹോട്ടലുകളിലും കല്ല്യാണ സദ്യയ്ക്കും മറ്റും വാഴയില ആവശ്യമാണ്. എന്നാൽ, തമിഴ്‌നാട്ടിൽനിന്ന് ലോഡുകണക്കിന് വാഴയില വ്യാപകമായി കൊണ്ടുവരാൻ തുടങ്ങിയതോടെ ഈ മേഖലയിലും കർഷകർക്ക് തിരിച്ചടിയായി.