പോത്തൻകോട്: ഐ. ടി നഗരത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മയക്കുമരുന്ന് വേട്ട. ബംഗളൂരിൽ നിന്ന് മയക്കുമരുന്നുമായി എത്തിയ മൂന്ന് യുവാക്കളെ സെെബർ സിറ്റി പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ബംഗളൂരിൽ നിന്ന് ട്യൂറിസ്റ്റ് ബസിൽ വന്ന ഇവരെ കഴക്കുട്ടം മിഷൻ ആശുപത്രിക്കുസമീപം വച്ച് പിടികൂടുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എ.യും ഒന്നര കിലോ കഞ്ചാവും പിടികൂടി. ബാഗിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തിയത്.പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ മൂന്നര ലക്ഷത്തിലധികം രൂപ വില വരും. ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് വന്ന ബംഗളൂരു ബസ്സിലാണ് ലഹരി വസ്തുക്കൾ കടത്തിയത് .രഹസ്യവിവരത്തെ തുടർന്ന് സ്ഥിരം ലഹരി വില്പനക്കാരായ ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കഴക്കൂട്ടത്ത് ബസിറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ബാഗിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.മയക്കുമരുന്നുകൾക്ക് പുറമേ15000 രൂപയും കണ്ടെടുത്തു.