arrest

വർക്കല: ബി.എസ്.എൻ.എൽ കേബിൾ മോഷണ കേസിൽ കൊല്ലം സ്വദേശികളായ മൂന്ന് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് തെക്കേഭാഗം പള്ളിക്ക് സമീപം പള്ളിക്കിഴക്കതിൽ വീട്ടിൽ റിയാസ്(27), ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപം പ്ലാക്കാട്ട് ശ്രീഹരിയിൽ ഹരികൃഷ്ണൻ(26), മൈലക്കാട് ഇത്തിക്കര പണയിൽ പുത്തൻവീട്ടിൽ ഷഫീക്ക് (34) എന്നിവരാണ് അറസ്റ്റിലായത്. വർക്കല അയന്തി റെയിൽവേ പാലത്തിൽ കൈവരികളോട് ചേർന്ന് ഇരുമ്പ് പൈപ്പുകളിലൂടെ കടന്നുപോകുന്ന 40 മീറ്ററോളം കോപ്പർ കേബിളാണ് ഇവർ മുറിച്ചു കടത്തിയത്. ലാൻഡ് ലൈൻ കണക്ഷൻ കേബിൾ മോഷ്ടിച്ചശേഷം പൈപ്പുകൾ പാലത്തിൽ തന്നെ ഇട്ടിരുന്നു. പൈപ്പുകൾ ഉരുണ്ട് റോഡിലേക്ക് എത്തുകയും ഇതിൽ തട്ടി ബൈക്ക് യാത്രികന് പരിക്കേൽക്കുകയും ചെയ്തതോടെയാണ് പൈപ്പിനുള്ളിൽ കേബിളില്ലെന്നുള്ള വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെ പരാതിയിന്മേൽ രണ്ടാഴ്ച മുൻപാണ് വർക്കല പൊലീസ് കേസെടുത്തത്.

മോഷ്ടിക്കപ്പെട്ട കേബിളുകൾക്ക് 110000 രൂപയുടെ നഷ്ടം ബി.എസ്.എൻ.എൽ കണക്കാക്കുന്നു. ചിറയിൻകീഴിലും കടയ്ക്കാവൂരിലും സമീപകാലത്ത് സമാനമായ രീതിയിൽ മോഷണം നടത്തിയ കേസിലും ഇവർ പ്രതികളാണെന്ന് വർക്കല പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.